കാബൂളിലേക്കുള്ള ഇന്ത്യൻ വിമാനം നേരത്തെയാക്കി എയർ ഇന്ത്യ; വേണ്ടിവന്നാൽ വ്യോമസേന വിമാനങ്ങളും തയ്യാര്‍

ന്യൂഡെൽഹി: കാബൂളിലേക്കുള്ള ഇന്ത്യൻ വിമാനം നേരത്തെയാക്കി എയർ ഇന്ത്യ. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ എയർ ഇന്ത്യ വിമാനം ഡെൽഹിയിൽ നിന്ന് 12.30ന് കാബൂളിലേക്ക് യാത്ര തിരിക്കും. രാത്രി 8.30 ന് പുറപ്പെടാനിരുന്ന വിമാനമാണ് നേരത്തെയാക്കിയത്. അടിയന്തര യാത്രക്കായി വിമാനങ്ങൾ പറത്താൻ തയ്യാറായിരിക്കണമെന്ന് എയർ ഇന്ത്യക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

രണ്ട് വിമാനങ്ങൾക്കാണ് തയ്യാറായിരിക്കാൻ ഇത്തരത്തിൽ നിർദേശം നൽകിയിരിക്കുന്നത്. കണക്ക് പ്രകാരം 1500ഓളം ഇന്ത്യാക്കാരാണ് അഫ്ഗാനിലുള്ളത്. ഇതിൽ 129 ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം ഇന്നലെ രാത്രി ഡെൽഹിയിലെത്തിയിരുന്നു. താലിബാനുമായുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരൻമാരോട് എത്രയുംപെട്ടെന്ന് അഫ്ഗാൻ വിടാൻ ഇന്ത്യൻ എംബസി മുന്നറിയിപ്പുനൽകിയിരുന്നു.

അടിയന്തര സാഹചര്യത്തിൽ ആവശ്യമായി വന്നാൽ വ്യോമസേനയുടെ സി -17 വിമാനവും ഇന്ത്യക്കാരെ അഫ്ഗാനിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവരുന്നതിനായി ക്രമീകരിച്ചിട്ടുണ്ട്. അഫ്ഗാനിലുള്ള ഇന്ത്യൻ പൗരൻമാരുടെയും പ്രതിനിധികളുടെയും ജീവൻ അപകടത്തിലാക്കാൻ താലിബാന് അവസരം കൊടുക്കില്ലെന്നും അതിനായി ഇന്ത്യൻ വിമാനങ്ങൾ തയ്യാറാണെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.

‘അഫ്ഗാനിസ്ഥാനിലെ ദ്രുതഗതിയിലുള്ള സംഭവവികാസങ്ങൾ കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കാബൂളിലെ ഇന്ത്യൻ എംബസിയിലെ ജീവനക്കാരുടെ ജീവൻ തങ്ങൾ അപകടത്തിലാക്കില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. അതേസമയം ഡെൽഹിയിലെ അഫ്ഗാൻ എംബസിയുടെ ട്വിറ്റർ ഹാക്ക് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.