തിരുവനന്തപുരം: ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പേരില്‍ കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് സിപിഎം പാളയം ഏരിയ കമ്മിറ്റി അംഗം പ്രദീപ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കേസ്. ദേശീയ പതാകയെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തിയാണ് പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി ആസ്ഥാനത്ത് പതാക ഉയര്‍ത്തവെയാണ് അമളി പറ്റിയത്. പതാക പകുതി ഉയര്‍ത്തി ‘ഭാരത് മാതാ കി’ എന്ന മുദ്രാവാക്യം വിളി തുടങ്ങിയപ്പോഴാണ് പതാക തല തിരിഞ്ഞെന്ന കാര്യം ബോധ്യമായത്. അമളി പറ്റിയെന്ന് കണ്ടെത്തിയതോടെ പതാക തിരിച്ചിറക്കുകയായിരുന്നു.
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പുറമെ മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാലും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. കയര്‍ കുരുങ്ങിയതാണ് പതാക തലകീഴീക്കി ഉയര്‍ത്താന്‍ കാരണമായതെന്നാണ് വിശദീകരണം. എന്നാല്‍, തലകീഴാക്കി കെട്ടിയതാണ് അമളിപ്പറ്റാന് കാരണമെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.