വിവാദങ്ങൾക്ക് വഴങ്ങില്ല; ഒരു പദ്ധതിയും പിന്‍വലിക്കില്ല: പിണറായി

തിരുവനന്തപുരം: വിവാദങ്ങളുടെ പേരില്‍ ഒരു പദ്ധതിയും പിന്‍വലിക്കില്ലെന്ന് മാത്രമല്ല വിവാദങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ നാം മുന്നോട്ട് എന്ന പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ നിലപാട്.

താന്‍ നേരത്തെ പ്രഖ്യാപിച്ച ഒരു കാര്യമുണ്ട്. ശരിയല്ലാത്ത ഒരു വിവാദത്തിന്റെയും പേരില്‍ ശരിയായ ഒരു നടപടിയും പിന്‍വലിക്കില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആ ഒരു നിലപാടാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിവാദങ്ങള്‍ ഉയര്‍ത്തുന്നവര്‍ കാണേണ്ടത് വിവേചന ബുദ്ധിയോടെ മാത്രമെ ആളുകള്‍ അത് സ്വീകരിക്കൂ എന്നതാണ്. അത് കൃത്യമായി മനസിലാക്കുന്നതാണ് നല്ലത്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ മഹാഭൂരിപക്ഷം മാധ്യമങ്ങളും പ്രത്യേകിച്ച് പ്രധാനപ്പെട്ട പലതും ഇത്തരത്തിലുള്ള വിവാദങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമിച്ചിട്ടുള്ളത്.

ഓരോഘട്ടത്തിലും അത് നാടിന് ഉണ്ടാക്കിയിട്ടുള്ള ദോഷമെന്താണെന്ന് അവര്‍ വിലയിരുത്തണം. യഥാര്‍ത്ഥത്തില്‍ മാധ്യമങ്ങളുടെ പ്രോത്സാഹനമാണ് ഇത്തരം വിവാദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടയാകുന്നതെന്ന് പിണറായി പറഞ്ഞു.