വാഷിങ്ടൺ: അമേരിക്കയിൽ രോഗ പ്രതിരോധ ശേഷി കുറഞ്ഞവർക്ക് കൊറോണ വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകാൻ അനുമതി. രാജ്യത്ത് കൊറോണ ഡെൽറ്റാ വകഭേദം വീണ്ടും പടരുന്നതിനിടെയാണ് വൈറസിനെതിരേ ജനങ്ങളുടെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ വാക്സിന്റെ മൂന്നാം ഡോസ് നൽകാനുള്ള നിർണായക തീരുമാനം.
ബൂസ്റ്റർ ഡോസായി ഫൈസർ, മൊഡേണ വാക്സിനുകൾക്കാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അടിയന്തര അനുമതി നൽകിയത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവർക്കും ഇതിനുസമാനമായി പ്രതിരോധ ശേഷി ദൂർബലമായവർക്കുമാണ് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുകയെന്ന് എഫ്ഡിഎ അറിയിച്ചു.
അതേസമയം മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത പ്രതിരോധ ശേഷിയുള്ളവർക്ക് രണ്ട് ഡോസ് വാക്സിനേഷനിൽ തന്നെ സംരക്ഷണം ലഭിക്കും. ഇത്തരക്കാർ നിലവിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ട കാര്യമില്ലെന്നും എഫ്ഡിഎ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ഇസ്രയേൽ, ഫ്രാൻസ് തുടങ്ങിയ ചില രാജ്യങ്ങളും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ നടപടികൾ സ്വീകരിച്ചിരുന്നു. അതേസമയം കൊറോണയ്ക്കെതിരേയുള്ള പ്രതിരോധ ശേഷി വർധിപ്പിക്കാൻ 10 ലക്ഷത്തിലേറെ അമേരിക്കൻ പൗരൻമാർ അനധികൃതമായി ബൂസ്റ്റർ ഡോസ് സ്വീകരിച്ചുകഴിഞ്ഞതായും ചില അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
ലോകത്തെ വാക്സിൻ ക്ഷാമം പരിഹരിക്കാനും ദരിദ്ര രാജ്യങ്ങളിലേക്ക് വാക്സിൻ എത്തിക്കാനും ബൂസ്റ്റർ ഡോസ് നൽകുന്നതിൽ നിന്നും സമ്പന്ന രാജ്യങ്ങൾ പിൻമാറണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം നേരത്തെ അമേരിക്ക തള്ളിയിരുന്നു.