കൊച്ചി :കോർപ്പറേഷനുകളിൽ വളർത്തുനായ്ക്കൾക്ക് അടിയന്തിരമായി രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. തിരുവനന്തപുരം, കൊല്ലം, കൊച്ചി അടക്കമുള്ള ആറ് കോർപ്പറേഷനുകൾക്കാണ് കോടതി ഇടക്കാല ഉത്തരവ് നൽകിയത്.
തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാനുള്ള കേന്ദ്രങ്ങൾ വേഗത്തിൽ കണ്ടെത്തണമെന്നും കോടതി നിർദ്ദേശിച്ചു. ഇത്തരം കേന്ദ്രങ്ങളുടെ വിശദാംശങ്ങൾ അതാത് പോലീസ് സ്റ്റേഷനുകൾക്ക് കൈമാറണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
തിരുവനന്തപുരം അടിമലതുറയിൽ വളർത്ത് നായയെ അടിച്ചു കൊന്ന സംഭവത്തിൽ കോടതി സ്വാമേധയാ എടുത്ത കേസിലാണ് ഉത്തരവ്. മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
നായ, പൂച്ച, കന്നുകാലി ഉൾപ്പെടെ വീട്ടിൽ വളർത്തുന്ന എല്ലാ മൃഗങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് ആറു മാസത്തിനകം എടുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.