വി​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ളെ റാ​പി​ഡ്, ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നയുടെ പേരിൽ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താവ​ള​ത്തി​ൽ കൊള്ളയടിക്കുന്നു

കൊ​ച്ചി: വി​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ളെ റാ​പി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നയുടെ പേരിൽ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താവ​ള​ത്തി​ൽ കൊള്ളയടിക്കുന്നതായി ആക്ഷേപം. 2,490 രൂ​പ​യാ​ണ് യു​എ​ഇ​യി​ലേ​ക്ക​ട​ക്കം മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ളു​ടെ കൈ​യി​ൽ​നി​ന്നും കൊറോണ ടെ​സ്റ്റി​ന്‍റെ പേ​രി​ൽ ഈ​ടാ​ക്കു​ന്ന​ത്.

പു​റ​ത്ത് സ്വ​കാ​ര്യ ലാബു​ക​ളി​ല​ട​ക്കം 500 രൂ​പ​ക്ക് ആ​ര്‍​ടി​പി​സി​ ആ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​മ്പോ​ഴാ​ണ് പ്ര​വാ​സി​ക​ളെ ഊ​റ്റു​ന്ന ന​ട​പ​ടി​യു​മാ​യി ക​രാ​ര്‍ നേ​ടി​യി​ട്ടു​ള്ള സ്ഥാ​പ​നം മു​ന്നോ​ട്ട് പോ​കു​ന്ന​ത്. പ​രി​ശോ​ധ​ന​യ്ക്ക് സ​ര്‍​ക്കാ​ര്‍ നി​ര​ക്ക് നി​ശ്ച​യി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഈ ​കൊ​ള്ള ന​ട​ക്കു​ന്ന​ത്.

വി​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​യ​തി​നാ​ല്‍ അ​വ​സാ​ന നി​മി​ഷം ത​ര്‍​ക്കി​ക്കാ​ന്‍ ആ​രും നി​ല്‍​ക്കാ​റി​ല്ല. ഇ​ത് മു​ത​ലാ​ക്കി​യാ​ണ് തോ​ന്നി​യ​പ​ടി നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത്. ഇ​തു ത​ട​യാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രോ അ​ധി​കൃ​ത​രോ യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ക്കു​ന്നി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു.

ക​ഴി​ഞ്ഞ ആ​റി​നാ​ണ് യു​എ​ഇ​യി​ലേ​ക്ക് ഇ​ന്ത്യ​യി​ല്‍​നി​ന്ന് യാ​ത്രാ​നു​മ​തി ന​ല്‍​കി​യ​ത്. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​നു 48 മ​ണി​ക്കൂ​ര്‍ മു​ൻപ് എ​ടു​ത്ത ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യാ​ണ് ആ​ദ്യ നി​ബ​ന്ധ​ന.

അ​തി​ന്‍റെ നെ​ഗീ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്ത​ണം. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​നു നാ​ല് മ​ണി​ക്കൂ​ര്‍ മു​ന്‍​പ് അ​വി​ടെ റാ​പി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. കൊ​ച്ചി​ക്ക് പു​റ​മേ തിരുവനന്തപുരം, കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ഇ​തേ പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

നി​ല​വി​ല്‍ ര​ണ്ട് ക​രാ​ര്‍ ക​മ്പ​നി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് 500 രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

ത​മി​ഴ്‌​നാ​ട്ടി​ല്‍ 150രൂ​പ​യും. നാ​ല് മ​ണി​ക്കൂ​റി​ല്‍ ഫ​ലം കി​ട്ടു​ന്ന റാ​പി​ഡ് പ​രി​ശോ​ധ​ന ആ​യാ​ലും 2490 രൂ​പ എ​ന്ന നി​ര​ക്ക് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ശ്ച​യി​ച്ച​തെ​ന്ന് യാ​ത്ര​ക്കാ​ര്‍ ചോ​ദി​ക്കു​ന്നു.

തിരുവനന്തപുരത്തും റാ​പിഡ് ടെ​സ്റ്റി​ന് അന്യായ നി​ര​ക്ക് ഈടാക്കുന്നതായി ആക്ഷേപമുണ്ട്. 3400 രൂ​പ​യാ​യി​രു​ന്നു നേ​ര​ത്തെ ഇവിടെ ഈ​ടാ​ക്കി​യി​രു​ന്ന​ത്. ഇ​പ്പോ​ൾ അ​ത് 2500 രൂ​പ​യാ​യി കു​റ​ച്ചു. എങ്കിലും ഇത് ആശ്വാസകരമല്ലെന്നാണ് യാത്രക്കാരുടെ പരാതി. വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്ത് സ്വ​കാ​ര്യ ലാ​ബി​ലാ​ണ് റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്.