ദോഹ: മേഖലയില്‍ സംഘര്‍ഷസാധ്യത ഉടലെടുക്കുന്ന പശ്ചാത്തലത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. ഇറാന് സൈനിക മേധവിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഇറാനും അമേരിക്കയും തമ്മില്‍ ഉടലെടുത്ത കലുഷിതമായ അന്തരീക്ഷത്തില്‍ ഖത്തര്‍ അമീറിെന്റ ട്രംപുമായുള്ള ഇടപെടല്‍ വലിയ പ്രതീക്ഷയോടെയാണ് മറ്റു രാജ്യങ്ങള്‍ നോക്കിക്കാണുന്നത്. നിലനില്‍ക്കുന്ന പിരിമുറുക്കം ഒഴിവാക്കി മേഖലയില്‍ സുരക്ഷിതത്വവും സ്ഥിരതയും സമാധാനവും നിലനിര്‍ത്തുന്നത് സംബന്ധിച്ച കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്.
മേഖലയിലെ സംഭവവികാസങ്ങളും പ്രത്യേകിച്ച് ഇറാഖിലെ ഏറ്റവും പുതിയ സംഭവങ്ങളും തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള നീക്കങ്ങള്‍ സംബന്ധിച്ചും സംസാരിച്ചു. ഇരുരാജ്യങ്ങളും തുടര്‍ന്നുവരുന്ന സൗഹൃദം ഉൗഷ്മളമാക്കുന്നതിനും രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളെക്കുറിച്ചും അവ വികസിപ്പിക്കുന്നതിനും ഉയര്‍ത്തുന്നതിനുമുള്ള സാധ്യതകള്‍ സംബന്ധിച്ചും സംസാരിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ട വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.