പട്ടികജാതി ക്ഷേമ പദ്ധതികളിൽ 1.4 കോടി രൂപയുടെ ക്രമക്കേട് ; പണം വകമാറ്റിയത് 24 അക്കൗണ്ടുകളിലേക്ക്‌

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ വഴി പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് നൽകിയിരുന്ന ക്ഷേമ പദ്ധതികളിൽ നടന്നത് ഒരു കോടി നാല് ലക്ഷം രൂപയുടെ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. പട്ടിക ജാതി വകുപ്പ് നടത്തിയ ഓഡിറ്റിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്.75 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ.

പ്രധാന പ്രതിയായ എൽഡി ക്ലർക്ക് യു ആർ രാഹുലിൻ്റെയും സുഹൃത്തുക്കളുടെയും 24 അക്കൗണ്ടുകളിലേക്കാണ് പണം വകമറ്റിയതെന്നാണ് ഓഡിറ്റിൽ കണ്ടെത്തി. നിർദ്ധനരായവർക്ക് സർക്കാർ നൽകുന്ന ധനസഹായമാണ് ഒരു ഉദ്യോസ്ഥനും താൽക്കാലിക ജീവനക്കാരും ചേർന്ന് തട്ടിയെടുത്തത്. നഗരസഭ വഴിയാണ് വിവിധ ധനസഹായങ്ങള്‍ വിതരണം ചെയ്തിരുന്നത്. വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, പഠനമുറി നിർമ്മാണം, ചികിത്സ സഹായം, വെള്ളപ്പൊക്ക സഹായം എന്നിവയ്ക്കാണ് അപേക്ഷകർക്ക് പണം നൽകിയിരുന്നത്.

പട്ടിക ജാതി വകുപ്പിൽ നിന്നും നഗരസഭയിലേക്ക് ഡെപ്യൂട്ടേഷനിലെത്തിയ എൽഡി ക്ലർക്ക് രാഹുലും എസ് സി പ്രൊമോട്ടർമാരും ചേർന്നാണ് പണം തട്ടിയത്. അപേക്ഷരുടെ പേരുണ്ടെങ്കിലും അക്കൗണ്ട് നമ്പറുകളെല്ലാം രാഹുലിന്‍റെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടേയുമാണ്. ഇങ്ങനെ വിവിധ പദ്ധതികള്‍ വഴി അർഹരുടെ കൈകളിലേക്കെത്തേണ്ട ഒരു കോടി നാല് ലക്ഷത്തി 72.600 രൂപയാണ് പ്രതികള്‍ വകമാറ്റിയത്. 24 അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയിരിക്കുന്നത്.

അർഹരുടെ അക്കൗണ്ടിലേക്കാണെങ്കിൽ ഒരു പ്രാവശ്യം മാത്രമേ പണം കൈമാറുകയുള്ളൂ. എന്നാൽ നിരവധി തവണ പണം കൈമാറ്റം ചെയ്തിട്ടുള്ള 24 അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഒരു കോടിയിൽപ്പരം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. 180 അപേക്ഷകരുടെ പണം തട്ടിയെടുത്തുവെന്നാണ് വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും ഉയരാനാണ് സാധ്യതയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓഡിറ്റ് റിപ്പോർട്ട് കൂടുതൽ അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. മുഖ്യപ്രതി രാഹുൽ ഇപ്പോള്‍ റിമാൻഡിലാണ്.