ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് അഞ്ചാം മെഡല്‍ സമ്മാനിച്ച് രവികുമാര്‍ ദഹിയ. ഗുസ്തിയില്‍ വെള്ളി മെഡലോടെയാണ് രവി ദഹിയ ഇന്ത്യയ്ക്കായി അഭിമാന നേട്ടം കൈവരിച്ചത്. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലാണ് നേട്ടം.
ഫൈനലില്‍ റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി താരവും രണ്ടു തവണ ലോക ചാമ്പ്യനുമായ സാവുര്‍ ഉഗ്വേവിനോടാണ് രവികുമാര്‍ പൊരുതിത്തോറ്റത്. കടുത്ത പോരാട്ടത്തില്‍ തുടക്കത്തില്‍ ലീഡ് പിടിച്ചത് റഷ്യന്‍ താരമാണ്. എന്നാല്‍ വൈകാതെ രവി ദഹിയ സമനില പിടിച്ചിരുന്നു. പിന്നീടങ്ങോട്ട് റഷ്യന്‍ താരം ശക്തമായ മുന്നേറ്റമാണ് ഫൈനലില്‍ നടത്തിയത്. വിട്ടുകൊടുക്കാതെ ദഹിയയും പോരാടി. ഒടുവില്‍ 7-4നാണ് ദഹിയ പരാജയപ്പെട്ടത്.
ടോക്യോയില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഒളിമ്പിക്സില്‍ ഗുസ്തിയില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവുമായി രവികുമാര്‍. ഇതോടെ, ഗുസ്തിയില്‍ ആകെ ആറ് ഒളിമ്പിക് മെഡലുകളാണ് ഇന്ത്യക്ക് സ്വന്തമായത്. രണ്ടാമത്തെ വെള്ളി മെഡലുമാണ്.
ടോക്യോ ഒളിമ്പിക്‌സില്‍ രവി ദഹിയയുടെ വെള്ളിമെഡലോടെ രണ്ടു വെള്ളിയും മൂന്നു വെങ്കലവുമടക്കം അഞ്ച് മെഡലുകള്‍ ഇന്ത്യന്‍ അക്കൗണ്ടിലെത്തി. ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന്റെ വെള്ളി മെഡലോടെയായിരുന്നു തുടക്കം. ബോക്‌സിങില്‍ ലാവ്‌ലിന് വെങ്കല മെഡല്‍ സ്വന്തമാക്കി. ബാഡ്മിന്റണില്‍ പിവി സിന്ധുവും പുരുഷ ഹോക്കി ടീമും പിന്നീട് വെങ്കലം സ്വന്തമാക്കി. വനിതാ ഹോക്കിയിലും ഇന്ത്യ വെങ്കല മെഡലിനായി പോരാട്ടത്തിനിറങ്ങുന്നുണ്ട്.