കട ബാധ്യത; ഒറ്റപ്പാലത്ത് പച്ചക്കറി വ്യാപാരി ആത്മഹത്യ ചെയ്തു

ഒറ്റപ്പാലം: കട ബാധ്യതയെത്തുടർന്ന് ഒറ്റപ്പാലത്ത് പച്ചക്കറി വ്യാപാരി ആത്മഹത്യ ചെയ്തു. കോതകുറിശ്ശിയിലെ പച്ചക്കറി വ്യാപാരി അലവി (37)യെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കട ബാധ്യതയുണ്ടാ യിരുന്നതായി അലവിയുടെ ബന്ധുക്കൾ അറിയിച്ചു. ഇതോടെ കഴിഞ്ഞ ഒന്നരമാസത്തിനിടെ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി മൂലം 16 പേർ ആത്മഹത്യ ചെയ്തെന്നാണ് കണക്കുകൾ.

ലോക്ഡൗൺ പ്രതിസന്ധിക്കിടയിൽ വിവിധ ധനകാര്യ സ്ഥാപനങ്ങളും ബ്ലേഡ് മാഫിയകളും ചെറുകിട വ്യാപാരികളെ വലിയ സമ്മർദ്ദത്തിലാക്കുന്നതാണ് വ്യാപാരികൾ ജീവനാെടുക്കാൻ കാരണം.ഈ സാഹചര്യത്തിൽ വായ്പകൾക്ക് മാറട്ടോറിയം ഉൾപ്പെടെയുള്ള അനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

അതേസമയം ഇന്ന് ഇടുക്കി തൊട്ടിക്കാനത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മറ്റൊരു കടയുടമ ആത്മഹത്യ ചെയ്തിരുന്നു. കടയ്ക്കുള്ളില്‍ വിഷം കഴിച്ച് മരിച്ച നിലയിലാണ് വ്യാപാരിയുടെ മൃതദേഹം കണ്ടെത്തിയത്. സേനാപതി സ്വദേശി കുഴിയമ്പാട്ട് ദാമോദരന്‍ (67) ആണ് മരിച്ചത്.

കടബാധ്യതയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലും രണ്ട് പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വടകരയിലും അത്തോളിയിലുമാണ് രണ്ടുപേരെ
തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വടകരയില്‍ ഓട്ടോ ഡ്രൈവറായ വൈക്കിലശ്ശേരി സ്വദേശി ഹരീഷ് ബാബുവിനേയും അത്തോളിയില്‍ കോതങ്കല്‍ പിലാച്ചേരി മനോജിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.