തിരുവനന്തപുരം: സംസ്ഥാന സർക്കാർ വകുപ്പുകളിൽ പട്ടികജാതി-പട്ടികവർഗപ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി കൂടുതൽ നടപടികൾ. ലാൻഡ് റവന്യൂ വകുപ്പിലെ ഗസറ്റഡ് തസ്തികയായ തഹസിൽദാറായി ആറുപേരെ ഇത്തരത്തിൽ നിയമിക്കാനാണ് എക്‌സിക്യുട്ടീവ് ഉത്തരവിറക്കിയിരിക്കുന്നത്.
സംവരണാർഹതയുള്ള ഈ വിഭാഗങ്ങളുടെ തുല്യപ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് ഒരുവർഷംമുൻപ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ലാൻഡ് റവന്യൂവിൽ 10 ഒഴിവുകൾ നികത്തണമെന്നാണ് കണ്ടെത്തിയിരുന്നത്. തഹസിൽദാർ തസ്തികയിൽ നേരിട്ടുള്ള നിയമനം പ്രത്യേക ചട്ടങ്ങളിലും പരാമർശിക്കുന്നില്ല.
ഈ തസ്തികയിലേക്ക് പ്രത്യേക നിയമനം നടത്താൻ പ്രത്യേകചട്ടം അനിവാര്യമാണെന്ന സ്ഥിതി വന്നു. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാൻ എക്‌സിക്യുട്ടീവ് ഉത്തരവെന്ന ആവശ്യം പിഎസ് സി മുന്നോട്ടുവെച്ചത്.
ഇതുപ്രകാരം നിയമനത്തിനുള്ള യോഗ്യതയും മാനദണ്ഡങ്ങളും ഉൾപ്പെടുത്തിയുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ഇതനുസരിച്ച് ആറ് തഹസിൽദാർമാരുടെ നേരിട്ടുള്ള നിയമനനടപടികൾ പിഎസ് സി ഉടൻ തുടങ്ങും.