കൊളംബോ: ടി20 പരമ്പരയിലെ നിര്‍ണായകമായ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് തോല്‍വി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ശ്രീലങ്ക സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 82 റണ്‍സ് വിജയലക്ഷ്യം 14.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ മറികടന്നു. നാല് ഓവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ വനിന്ദു ഹസരംഗയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ കഥ കഴിച്ചത്. ഇന്ത്യക്കായി രാഹുല്‍ ചഹറാണ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്.
കൊറോണ കാരണം എട്ടു താരങ്ങള്‍ മാറി നില്ക്കുന്ന സാഹചര്യം ഇന്ത്യന്‍ സംഘത്തിന് തിരിച്ചടിയായി. ബാറ്റ്സ്മാന്മാരുടെ കുറവും, ഉള്ളവരുടെ തന്നെ പരിചയ കുറവും തിരിച്ചടിയായതോടെ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി.
ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നേടിയത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ്. വിജയലക്ഷ്യം അഞ്ച് ഓവറും മൂന്നു പന്തും ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 2-1നാണ് അവര്‍ സ്വന്തമാക്കിയത്. ഇതോടെ എട്ടു പരമ്പരകളിലായി തുടര്‍ന്നുവന്ന ഇന്ത്യയുടെ വിജയക്കുതിപ്പിനും അഞ്ച് പരമ്പരകളിലായു തുടര്‍ന്നുവന്ന ശ്രീലങ്കയുടെ പരാജയ പരമ്പരയ്ക്കും വിരാമം.
നിര്‍ണായക മത്സരത്തില്‍ ആതിഥേയര്‍ക്കു മുന്നില്‍ ഇന്ത്യന്‍ ടീം തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 81റണ്‍സ് നേടാനേ ഇന്ത്യക്ക് കഴിഞ്ഞുള്ളൂ. ഇന്ത്യന്‍ ഇന്നിങ്സില്‍ റുതുരാജ് ഗെയ്ക്വാട്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 23 റണ്‍സ് നേടിയ കുല്‍ദീപ് യാദവാണ് ടോപ് സ്കോറര്‍.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വളരെ മോശം തുടക്കമാണ് ലഭിച്ചത്. സ്കോര്‍ബോര്‍ഡില്‍ അഞ്ചു റണ്‍സ് ചേര്‍ക്കുമ്പോഴേക്കും നായകന് ശിഖര്‍ ധവാന് തിരിച്ചു കയറി. നേരിട്ട ആദ്യപന്തില്‍ തന്നെയായിരുന്നു ധവാന്റെ മടക്കം. പകരമെത്തിയ ദേവ്ദത്ത് പടിക്കല്‍ 15 പന്തില്‍ ഒമ്പത് റണ്‍സ് നേടി പുറത്തായി. സഞ്ജു സാംസണ് ഇന്നത്തെ മത്സരത്തിലും തിളങ്ങാന്‍ കഴിഞ്ഞില്ല. റണ്‍സൊന്നും നേടാന്‍ കഴിയാതെ ഡക്കായാണ് സഞ്ജു മടങ്ങിയത്.
സ്കോര്‍ 25ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാടും വീണു. ഇതോടെ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 25 എന്ന നിലയിലായി. നിതീഷ് റാണ ക്രീസില്‍ പിടിച്ചു നില്ക്കാന് ശ്രമിച്ചെങ്കിലും അധികനേരം തുടരാന്‍ താരത്തിന് കഴിഞ്ഞില്ല. ശേഷമെത്തിയ ഭുവനേശ്വര്‍ കുമാര്‍ കുല്‍ദീപ് യാദവിനെയും കൂട്ടുപിടിച്ച് വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ 15ആം ഓവറില്‍ ഹസരംഗ ഭുവനേശ്വറിനെ മടക്കി. 32 പന്തില്‍ നിന്നും 16 റണ്‍സാണ് ഭുവനേശ്വര്‍ നേടിയത്.