ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പൊലീസ് നടപടിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് മറുപടിയുമായി യോഗി ആദിത്യനാഥ്. ഒരു സന്യാസിയുടെ നിരന്തര പൊതുക്ഷേമ സേവന പരിശ്രമങ്ങളെ തടസപ്പെടുത്തുന്നവര് ശിക്ഷിക്കപ്പെടുമെന്ന് യോഗി ട്വിറ്ററിലൂടെ പ്രതികരിച്ചു.
രാഷ്ട്രീയം പാരമ്ബര്യമായി ലഭിച്ചവര്‍ക്കും പ്രീണനത്തിനായി രാഷ്ട്രീയത്തിലിറങ്ങിയവര്ക്കും സേവനമെന്ന ആശയം മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും യോഗി വിമര്‍ശിച്ചു. ‘ഭഗ്വാ മേം ലോക് കല്യാണ്‍’ (പൊതുജന നന്മ കാവിയിലൂടെ) എന്ന ഹിന്ദി ഹാഷ്ടാഗോടെയാണ് യോഗിയുടെ പ്രതികരണം.
‘പൊതുജന സേവനത്തിനായുള്ള ഒരു സന്യാസിയുടെ നിരന്തര പരിശ്രമങ്ങളെ തടസപ്പെടുത്തുന്നവരാരോ അവര്‍ ശിക്ഷിക്കപ്പെടും. രാഷ്ട്രീയം പാരമ്ബര്യമായി കിട്ടിയവര്‍ക്കോ, ആരെയെങ്കിലും പ്രീതിപ്പെടുത്താന്‍ വേണ്ടി രാഷ്ട്രീയം കളിക്കുന്നവര്‍ക്കോ സേവനത്തിെന്റ അര്‍ഥം മനസ്സിലാകില്ല.’ – യോഗി ആദിത്യനാഥ് ട്വിറ്ററില്‍ കുറിച്ചു.
തിങ്കളാഴ്ച ലഖ്നോവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രിയങ്ക ഗാന്ധി ആദിത്യനാഥിനെതിരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് കാവി വസ്ത്രം ചേരില്ലെന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. അക്രമത്തിനും ശത്രുതക്കും പ്രതികാരത്തിനും ഇന്ത്യയില്‍ സ്ഥാനമില്ലെന്നും പ്രിയങ്ക പറഞ്ഞിരുന്നു.