സെന്‍കുമാറിനെ ചെന്നിത്തല ഡി.ജി.പിയാക്കിയത് ഒറ്റ രാത്രികൊണ്ട്

തിരുവനന്തപുരം: സീനിയര്‍ ഉദ്യോഗസ്ഥനെ മറികടന്നായിരുന്നു ടി പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ്‌ മേധാവിയാക്കിയതെന്ന്‌ ഒടുവില്‍ തുറന്നുസമ്മതിച്ച്‌ രമേശ്‌ ചെന്നിത്തല. യുഡിഎഫ്‌ ഭരണകാലത്ത്‌ സീനിയറായിരുന്ന മഹേഷ്‌കുമാര്‍ സിംഗ്ലയെ മറികടന്നാണ്‌ അന്ന്‌ അഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തല സെന്‍കുമാറിനെ പൊലീസ്‌ മേധാവിയാക്കിയത്‌. അതിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ ന്യായീകരിച്ച ചെന്നിത്തല സെന്‍കുമാര്‍ സംഘപരിവാര്‍ പാളയത്തില്‍ എത്തിയപ്പോഴും മുന്‍ നിലപാടില്‍ ഉറച്ചുനിന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ്‌ ഇപ്പോള്‍ തെറ്റ്‌ സമ്മതിച്ചത്‌.

കെ എസ്‌ ബാലസുബ്രഹ്മണ്യന്‍ വിരമിച്ച ഒഴിവിലാണ്‌ ജയില്‍ മേധാവിയായിരുന്ന ടി പി സെന്‍കുമാറിനെ പൊലീസ്‌ മേധാവിയായി നിയമിച്ചത്‌. 1982 ബാച്ച്‌ ഐപിഎസ്‌ ഉദ്യോഗസ്ഥന്‍ മഹേഷ്‌കുമാര്‍ സിംഗ്ല ആയിരുന്നു സീനിയര്‍. കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന സിംഗ്ല ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തലയെ കണ്ട്‌ കേരള സര്‍വീസിലേക്ക്‌ മടങ്ങിവരാന്‍ കത്തും നല്‍കി. ഘടക കക്ഷിയായ മുസ്ലിംലീഗടക്കം സിംഗ്ലയുടെ നിയമനത്തിന്‌ അനുകൂലവുമായിരുന്നു. എന്നാല്‍, ഒറ്റരാത്രികൊണ്ട്‌ തീരുമാനം അട്ടിമറിച്ചു. സിംഗ്ലയെ ഒഴിവാക്കി 1983 ബാച്ച്‌ ഐപിഎസുകാരനായ സെന്‍കുമാറിനെ പൊലീസ്‌ മേധാവിയാക്കി. സംഘപരിവാര്‍ കേന്ദ്രങ്ങളും ഒരു സമുദായനേതാവും ഇതിന്‌ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയതായി ആരോപണമുണ്ടായിരുന്നു.

എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ സെന്‍കുമാറിനെ നീക്കി. ചീഫ്‌ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇത്‌. എന്നാല്‍, സെന്‍കുമാറിനെ പിന്തുണച്ച്‌ നിയമസഭയ്‌‌ക്കകത്തും പുറത്തും പ്രതിപക്ഷം ശക്തമായി വാദിച്ചു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അടിയന്തരപ്രമേയ നോട്ടീസ്‌ നല്‍കി വാക്കൗട്ടും നടത്തി. ഏറ്റവും സമര്‍ഥനായ ഉദ്യോഗസ്ഥനെന്നായിരുന്നു നാടാകെ ഓടിനടന്ന്‌ ചെന്നിത്തല സെന്‍കുമാറിനെ വിശേഷിപ്പിച്ചത്‌.

‘സെന്‍കുമാര്‍, ഇപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നിടത്തല്ല’ എന്ന്‌ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നിത്തലയെ ഓര്‍മിപ്പിച്ചതുമാണ്‌. എന്നാല്‍, സെന്‍കുമാറിനെപ്പോലെ മിടുമിടുക്കനായ ഉദ്യോഗസ്ഥനെ ആര്‍എസ്‌എസ്‌ ആക്കാമോ എന്നായിരുന്നു ചെന്നിത്തല ചോദിച്ചത്‌. സര്‍ക്കാരിനെതിരെ സെന്‍കുമാര്‍ കോടതിയില്‍ പോയപ്പോഴും യുഡിഎഫ്‌ ഒന്നടങ്കം പിന്തുണയുമായി രംഗത്തെത്തി.