കണ്ണൂര്‍: വാക്സിനെടുക്കാന്‍ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ഉത്തരവിനെതിരെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഡോക്ടര്‍മാരുടെ സംഘടനയുമടക്കം രംഗത്തുവന്നു.
വാക്സീന് കിട്ടാന്‍ 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് കണ്ണൂര്‍ കളക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടത്. സോഷ്യല്‍ മീഡിയയിലും മറ്റും കളക്ടറുടെ നിലപാടിനെതിരെ പ്രതിഷേധം ഉയര്‍ന്നു. വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള അശാസ്ത്രീയ നീക്കം വിപരീത ഫലം ചെയ്യുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ഭാരവാഹികളും ചൂണ്ടിക്കാട്ടി.
ദിവസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പലര്‍ക്കും വാക്സീനെടുക്കാന്‍ സ്ലോട്ട് കിട്ടുന്നത്. ഇതിനിടയില്‍ ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം ലഭിക്കാന്‍ 24 മണിക്കൂറെങ്കിലും വേണമെന്നതിനാല്‍ അപേക്ഷന് സ്ലോട്ട് നഷ്ടമാകും. ഇത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുമെന്ന് കെജിഎംഒഎ പറയുന്നു.
തൊഴിലിടങ്ങളിലും രണ്ട് ഡോസ് വാക്സീന് അല്ലെങ്കില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്ന പുതിയ ഉത്തരവും പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാണെന്ന് വ്യാപാരികളും പറയുന്നു. രണ്ട് ഡോസ് വാക്സീനെടുക്കാത്തവര്‍ 15 ദിവസം കൂടുമ്പോള്‍ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നുണ്ട്.
ഇതിനെതിരെ വ്യാപാരികളും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ഫേസ്ബുക്കിലൂടെ ഇറക്കിയ ഉത്തരവ് ഈ മാസം 28 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. പരിശോധനയക്ക് സര്‍ക്കാര്‍ സൗകര്യം ഉപയോഗിക്കാമെന്നുമായിരുന്നു ഉത്തരവില്‍ പറയുന്നത്. മിനിമം 15 ദിവസം മുന്‍പെങ്കിലും ടെസ്റ്റ് ചെയ്തുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയെന്നും ഇത് കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം നടപ്പിലാക്കിയിട്ടുണ്ടെന്നും കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വാക്സീന് കിട്ടാന്‍ 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു ആദ്യ ഉത്തരവ്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നുമടക്കം വന്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് നിലപാട് മയപ്പെടുത്തുകയായിരുന്നു.
അതേസമയം ഉത്തരവിനെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കളക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. ടിപിആര്‍ കുറക്കാനായി എല്ലാവരുമായി ചര്‍ച്ച ചെയ്താണ് പുതിയ തീരുമാനമെടുത്തതെന്നും കളക്ടര്‍ പറഞ്ഞു