കൊച്ചി: കൊച്ചിയില്‍ നടന്ന ഐഎന്‍എല്‍ സംസ്ഥാന നേതൃയോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ക്കൂട്ടത്തല്ല്. യോഗം നടന്ന ഹോട്ടലിന്റെ മുന്നിലാണ് പാര്‍ട്ടിയില്‍ നിലനിന്ന തര്‍ക്കങ്ങളെ ചൊല്ലി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്. ഇതോടെ പിളർപ്പിന് സാധ്യതയേറി.
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത യോഗം പിരിച്ചുവിട്ടതായി പ്രസിഡന്റ് അബ്ദുള്‍ വഹാബ് അറിയിച്ചതിന് പിന്നാലെയായിരുന്നു സംഘര്‍ഷമുണ്ടായത്. നേതാക്കള്‍ക്ക് പുറമേ പാര്‍ട്ടി പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഐഎന്‍എല്‍ പിളര്‍പ്പിന്റെ ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് നേതൃയോഗം ചേരുന്നത്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ തന്നെ യോഗം ചേരുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് അബ്ദുള്‍ വഹാബും മറ്റ് ചില നേതാക്കളും ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും പിന്നാലെ പ്രവര്‍ത്തക സമിതി യോഗവുമാണ് എറണാകുളത്ത് നടത്താന്‍ തീരുമാനിച്ചിരുന്നത്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ മന്ത്രിയുടെ സ്റ്റാഫിനെ തീരുമാനിക്കാനുള്ള നീക്കങ്ങളാണ് നിലവിലെ തര്‍ക്കങ്ങള്‍ക്ക് പ്രധാന കാരണം.
അതേസമയം സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ദിവസം കൊറോണ ചട്ടങ്ങള്‍ ലംഘിച്ച് നേതൃയോഗം ചേര്‍ന്നതില്‍ കൊറോണ നിരോധന നിയമപ്രകാരം ഹോട്ടലിനെതിരെ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു.