തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം നാല് സ്വകാര്യ കമ്പിനികളിലേക്കും. പ്രതികള്‍ക്ക് പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്ന ഇരിങ്ങാലക്കുടയില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ കമ്പിനികളിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
പെസോ ഇന്‍ഫ്രാസ്ട്രക്ച്ചേഴ്സ്, സിസിഎം ട്രഡേഴ്സ് , മൂന്നാര്‍ ലക്സ് വേ ഹോട്ടല്‍സ്, തേക്കടി റിസോര്‍ട്ട് എന്നിവയിലാണ് അന്വേഷണം നടത്തുക. പ്രതികളായ കരുവന്നൂര്‍ ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീം, ബിജോയ്, ജില്‍സ് എന്നിവര്‍ക്കും ഇവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ കമ്പനികളില്‍ പങ്കാളിത്തമുണ്ടെന്നാണ് സൂചന. ഇതേ തുടര്‍ന്നാണ് അന്വേഷണം ഈ കമ്പനികളിലേക്കും നടത്തുന്നത്.
അതിനിടെ ആരോപണ വിധേയരായ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നത് ആലോചിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേരും. സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലാണ് അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് ചേരുന്നത്. അതിനിടെ, ബാങ്ക് തട്ടിപ്പില്‍ ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യംചെയ്യും. തൃശൂര്‍ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകാന്‍ മൂന്ന് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്കി.
തട്ടിയെടുത്ത നൂറ് കോടിയില്‍പ്പരം രൂപ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് തുടങ്ങിയിട്ടുണ്ട്. പ്രതികളുടെ സ്വത്തുവകകകള്‍ കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടികളിലേക്കാണ് ക്രൈംബ്രാഞ്ച് കടക്കുന്നത്. അതിനിടെയാണ് പ്രതികള്‍ക്ക് നിക്ഷേപം ഉണ്ട് എന്ന് കരുതുന്ന കമ്പനികള്‍ കേന്ദ്രീകരിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്.