എടത്വ: മാസങ്ങൾക്ക് മുമ്പ് നിശ്ചയിച്ച കിഡ്നി ശസ്ക്രിയ വേണ്ടെന്ന് വിദഗ്ധർ വിധിയെഴുതിയപ്പോൾ ജെറമിയയ്ക്ക് പുതുജീവൻ. ഒപ്പം ഒരു ഗ്രാമത്തിന് സന്തോഷവും.
തലവടി ആനപ്രമ്പാൽ തെക്ക് മുണ്ടുചിറയിൽ ജോണി – അശ്വതി ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തവനായ ജെറമിയയും കുടുംബവും എന്ത് അത്ഭുതമാണ് സംഭവിച്ചതെന്ന് അറിയാതെ ദൈവത്തിനും സുമനസുകൾക്കും നന്ദി പറയുന്നു.
നേരത്തേ നിശ്ചയിച്ചതനുസരിച്ച് ജെറമിയ (7)യുടെ കിഡ്നി സംബന്ധമായ മൂന്നാമത്തെ ശസ്ത്രക്രിയ ജുലൈ 20ന് നടക്കേണ്ടതായിരുന്നു. ഇതിന് മുമ്പ് രണ്ട് ശസ്ത്രക്രിയകൾ ഒരു വയസ്സിനുള്ളിൽ ജെറമിയയ്ക്ക് നടത്തിയിരുന്നു. അഞ്ചു മാസം പ്രായമായപ്പോൾ കോട്ടയം മെഡിക്കൽ കോളജ് ഹോസ്പിറ്റലിലും ഒമ്പതാംമാസത്തിൽ അമൃത ഹോസ്പിറ്റലിലും ശസ്ത്രക്രിയ നടന്നിട്ടുള്ളതാണ്. മൂന്നാമത്തെ ശസ്ത്രക്രിയ നടത്തുന്നതിന് കൊറോണ ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകൾ എല്ലാം നടത്തുകയും ശസ്ത്രക്രിയ ചെയ്യുവാൻ എല്ലാം ക്രമികരണവും ചെയ്തതാണ്.
അനസ്തീഷിയ വിഭാഗത്തിൻ്റെ അനുമതിക്കു ശേഷം മാതാ അമൃതാനന്ദമയി ഹോസ്പിറ്റലിലെ പീഡിയാട്രിക് സർജൻ ഡോ.നവീൻ വിശ്വനാഥൻ പരിശോധന റിപ്പോർട്ടുകൾ നോക്കിയപ്പോൾ ആണ് ജറമിയയ്ക്ക് ശസ്ത്രക്രിയ കൂടാതെ സുഖം പ്രാപിക്കാൻ സാധിക്കുന്ന നിലയിൽ ആന്തരിക അവയവങ്ങൾ പ്രവർത്തിച്ചു തുടങ്ങിയതായി ബോധ്യപ്പെട്ടത്. തുടർന്ന് ശസ്ത്രക്രിയ മാറ്റി വയ്ക്കുകയായിരുന്നു.
ഇതോടെ ഒരു ഗ്രാമത്തിൻ്റെ പ്രാർത്ഥനയാണ് സഫലമായത്. ഡോ. നവീൻ വിശ്വനാഥൻ ഈ വിവരം ജെറമിയയുടെ മാതാപിതാക്കളെ നേരിട്ടറിയിച്ചു. ഒന്നര വയസ്സുള്ള ഇളയ മകൾക്കും സമാനമായ രോഗലക്ഷണമുണ്ടെന്നും നവംബർ 20ന് ഡോക്ടറുമായി ഉള്ള കൂടികാഴ്ച എടുത്തിട്ടുണ്ടെന്ന് ജോണി പറഞ്ഞു.
ജെറമിയയുടെ ശസ്ത്രക്രിയക്കു ആവശ്യമായ ചികിത്സ സഹായ നിധി സമാഹകരണത്തിന് നേതൃത്വം നൽകിയത് സൗഹൃദ വേദിയാണ്. സൗഹൃദവേദി പ്രസിഡൻ്റ് ജോൺസൺ വി ഇടിക്കുളയെ ഫോണിലൂടെയും ഓപ്പറേഷൻ വേണ്ടെന്ന വിവരം ഡോക്ടർ അറിയിച്ചു. സഹായ നിധി സമാഹരണത്തിന് നേതൃത്വം നൽകിയ സൗഹൃദ വേദിയെ ജെറമിയയുടെ മാതാപിതാക്കൾ നന്ദി അറിയിച്ചു.