‘ഹെലികോപ്റ്റര്‍ സഹോദരന്മാര്‍’ കോടികളുമായി മുങ്ങി; പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി ബിജെപിയും

ചെന്നൈ: പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ നേതാവിനെ ബിജെപി പുറത്താക്കി. നിരവധിയാളുകളെ പറ്റിച്ച ബിജെപി വ്യാപാരി സംഘം നേതാവായ ഗണേഷിനെതിരെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്.

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 600 കോടി രൂപയോളം രൂപയാണ് കുംഭകോണത്തെ ബിജെപി നേതാവായ ഗണേഷ് തട്ടിയെടുത്തത്. സഹോദരന്‍ സ്വാമിനാഥനെപ്പം ചേര്‍ന്നാണ് ഗണേഷ് കോടികളുടെ തട്ടിപ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

2019ല്‍ രജിസ്റ്റര്‍ ചെയ്ത അര്‍ജുന്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലാണ് ‘ഹെലികോപ്റ്റര്‍ സഹോദരന്മാര്‍’ എന്നറിയപ്പെടുന്ന ഗണേഷും സ്വാമിനാഥനും തട്ടിപ്പ് ആരംഭിച്ചത്. ഒരു വര്‍ഷം കൊണ്ട് പണം ഇരട്ടിയാക്കി നല്‍കാമെന്ന വാഗ്ദാനം നല്‍കി നിരവധി പേരെ ആകര്‍ഷിച്ചു. ആദ്യഘട്ടത്തില്‍ പലര്‍ക്കും പണം ഇരട്ടിയാക്കി നല്‍കിയതോടെ കൂടുതല്‍ ആളുകള്‍ ഇവരെ വിശ്വസിച്ച് പണം നല്‍കി. ഇതിനിടെ കൊറോണ വ്യാപനം ഉണ്ടായതോടെയാണ് തട്ടിപ്പ് പുറത്തായത്.

കൊറോണ നിയന്ത്രണങ്ങള്‍ വന്നതോടെ പണം തിരികെ നല്‍കാന്‍ കഴിയാത്ത അവസ്ഥയിലെത്തി പ്രതികള്‍. ഇതിനിടെ 15 കോടി രൂപ തിരികെ വേണമെന്ന ആവശ്യവുമായി നിക്ഷേപം നടത്തിയ ദമ്പതികള്‍ രംഗത്തുവന്നു. ദമ്പതികളുടെ ആവശ്യം പ്രതികള്‍ തള്ളിയതോടെടെയാണ് സംഭവം പുറത്തെത്തുന്നത്. ദമ്പതികള്‍ സഹോദരന്മാര്‍ക്കെതിരായി പൊലീസില്‍ പരാതി നല്‍കി.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് കമ്പനിയുടെ മറവില്‍ പ്രതികള്‍ നടത്തിയ കൂടുതല്‍ തട്ടിപ്പ് വെളിച്ചെത്തുവന്നത്. പണം നിക്ഷേപിച്ച കൂടുതല്‍ പേര്‍ തുക തിരികെ ആവശ്യപ്പെട്ടതോടെ പ്രതികള്‍ ഒളിവില്‍ പോയി. കേസ് അന്വേഷണവും വിവാദവും ശക്തമായതോടെ ഗണേഷിനെ ബിജെപി ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

കുട്ടിയുടെ ഒന്നാം പിറന്നാളിന് സ്വന്തം ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തി വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് ഗണേഷും സ്വാമിനാഥനും ഹെലികോപ്റ്റര്‍ ബ്രദേഴ്‌സ് എന്ന പേരിലറിയപ്പെടാന്‍ തുടങ്ങിയത്. പലതരത്തിലുള്ള പാലുല്‍പ്പനങ്ങള്‍ വിറ്റ് തുടങ്ങിയ ബിസിനസാണ് ഇവരെ സമ്പന്നരാക്കിയത്.