കട്ടപ്പന: സംസ്ഥാനത്തിന്റെ വർഷങ്ങളായുള്ള ആവശ്യം നടപ്പിലാകുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ഭൂകമ്പമാപിനി സ്ഥാപിക്കാനുള്ള നടപടികൾ തമിഴ്‌നാട് തുടങ്ങി. ഇതിനായി കഴിഞ്ഞ ദിവസം ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണൽ ജിയോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിജയരാഘവൻ, ശേഖർ എന്നിവർ അണക്കെട്ട് സന്ദർശിച്ചു. ഇവർക്കാണ് ഭൂകമ്പമാപിനി സ്ഥാപിക്കുന്നതിനുള്ള ചുമതല നൽകിയിരിക്കുന്നത്.
ഭൂകമ്പമാപിനി എവിടെ സ്ഥാപിക്കണമെന്നതിനെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. തമിഴ്‌നാട് സർക്കാർ 99 ലക്ഷം രൂപയാണ് ഇതിനായി വകിയിരുത്തിയിരിക്കുന്നത്. കേരളം വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് ഇപ്പോൾ നടപ്പാകുന്നത്. കേന്ദ്ര ജലകമ്മിഷനും മുല്ലപ്പെരിയാർ അണക്കെട്ടിൽ ഭൂകമ്പമാപിനി സ്ഥാപിക്കണമെന്ന് തമിഴ്നാടിനോട് നിർദേശിച്ചിരുന്നു.