കണ്ണൂർ: കണ്ണൂർ വിമാനത്താവളം വഴി സ്വർണക്കടത്തിന് കൂട്ടുനിന്ന മൂന്ന് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാറാണ് മൂന്ന് ഇൻസ്പെക്ടർമാർക്കെതിരേ നടപടിയെടുത്തത്. സാകേന്ദ്ര പസ്വാൻ, രോഹിത് ശർമ, കൃഷൻ കുമാർ എന്നിവരെയാണ് പിരിച്ചുവിട്ടത്.
2019 ഓഗസ്റ്റ് 19ന് വിമാനത്താവളം വഴി നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് നടപടി. വിമാനത്താവളത്തിൽ 4.5 കിലോ സ്വർണവുമായി മൂന്ന് കാരിയർമാരെ റവന്യൂ ഇന്റലിജൻസ് പിടികൂടിയതോടെയാണ് ഉദ്യോഗസ്ഥരുടെ പങ്കും പുറത്തുവന്നത്.
കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇൻസ്പെക്ടറായിരുന്ന രാഹുൽ പണ്ഡിറ്റിന്റെ നിർദ്ദേശാനുസരണം ഉദ്യോഗസ്ഥർ പ്രവർത്തിച്ചതായി ഡിആർഐ കണ്ടെത്തിയിരുന്നു.
പിടിയിലായ 4.5 കിലോഗ്രാം സ്വർണം ഉൾപ്പടെ 11 കിലോ സ്വർണം കണ്ണൂർ വിമാനത്താവളം കടത്താൻ ഉദ്യോഗസ്ഥർ കള്ളക്കടത്ത് സംഘത്തിന് ഒത്താശ ചെയ്തുവെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇൻസ്പെക്ടറായിരുന്ന രാഹുൽ പണ്ഡിറ്റിനെ നേരത്തെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.