ടോക്കിയോ: ടോക്കിയോ ഒളിംപിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പേ ആരംഭിച്ച വനിതാ ഫു്ടബോൾ മത്സരങ്ങളിൽ ലോക ചാമ്പ്യൻമാരും റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരുമായ അമേരിക്കക്ക് ഞെട്ടിക്കുന്ന തോൽവി. ആദ്യ മത്സരത്തിൽ നാലു തവണ ഒളിംപിക്സ് സ്വർണം നേടിയിട്ടുള്ള അമേരിക്കയെ സ്വീഡനാണ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അട്ടിമറിച്ചത്. തുടർച്ചയായി 44 മത്സരങ്ങളിൽ പരാജയം അറിയാതെ ഒളിംപിക്സിന് എത്തിയ അമേരിക്കയെ ആണ് സ്വിഡൻ വാരിക്കളഞ്ഞത്.
2016ലെ റിയോ ഒളിംപിക്സ് ക്വാർട്ടറിലും അമേരിക്കയെ സ്വീഡൻ അട്ടിമറിച്ചിരുന്നു. സ്റ്റിന ബ്ലാക്ക്സ്റ്റെനിയസിന്റെ ഇരട്ടഗോൾ മികവിലാണ് സ്വീഡൻ വിജയത്തുടക്കമിട്ടത്. ആദ്യ എട്ടു മിനിറ്റിനുള്ളിൽ തന്നെ ലക്ഷ്യത്തിലേക്ക് മൂന്ന് ഷോട്ടുകൾ പായിച്ച് അഞ്ചാം റാങ്കുകാരായ സ്വീഡൻ അമേരിക്കയെ വിറപ്പിച്ചു. ആദ്യ പകുതിയിൽ മാത്രം അഞ്ച് ഷോട്ടുകളാണ് അമേരിക്കൻ ഗോളി തട്ടിയകറ്റിയത്.
25-ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ ബ്ലാക്ക്സ്റ്റെനിയസ് അമേരിക്കൻ വലയിൽ പന്തെത്തിച്ചു.54-ാം മിനിറ്റിൽ ബ്ലാക്ക്സ്റ്റെനിയസ് സ്വീഡന്റെ രണ്ടാം ഗോളും നേടി അമേരിക്കയെ പ്രതിരോധത്തിലാക്കി. ലിന ഹർട്ടിഗ് സ്വീഡന്റെ മൂന്നാം ഗോളും നേടി അമേരിക്കയുടെ പ്രതീക്ഷയിൽ അവസാന ആണിയുമടിച്ചു.
1996ലെ ഒളിംപിക്സിനുശേഷം 2016വരെ എല്ലാ ഒളിംപിക്സിലും അമേരിക്ക ഫൈനലിലെത്തിയിരുന്നു. എന്നാൽ റിയോയിൽ ക്വാർട്ടറിൽ സ്വീഡന് മുന്നിൽ അടിതെറ്റി. ഇത്തവണ ആദ്യ മത്സരത്തിൽ തന്നെ സ്വീഡൻ അമേരിക്കയെ വീണ്ടും ഞെട്ടിച്ചു. ഈ വർഷം കളിച്ച 12 മത്സരങ്ങളിൽ 11ലും ജയിച്ച അമേരിക്ക ഒരു മത്സരത്തിൽ മാത്രമാണ് സമനില വഴങ്ങിയത്. 2019നുശേഷം അമേരിക്കൻ ടീമിന്റെ ആദ്യ തോൽവിയാണിത്.