ഫിറോസാബാദ്: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ഫേസ്ബുക്കില്‍ അശ്ലീല പോസ്റ്റിട്ട കോളേജ് പ്രൊഫസറെ ജയിലില്‍ അടച്ചെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇയാള്‍ ഫിറോസാബാദിലെ കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു.
പ്രൊഫസര്‍ ഷഹര്യാര് അലിയാണ് അഡീഷണല്‍ ജഡ്ജി അനുരാഗ് കുമാറിന് മുന്നില്‍ കീഴടങ്ങി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍, ജഡ്ജി ജ്യാമാപേക്ഷ തള്ളിയതോടെ പ്രൊഫസറെ ജയിലിലേക്ക് മാറ്റി.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ഫേസ്ബുക്കില്‍ അശ്ലീല പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ എസ്ആര്‍കെ കോളേജിലെ ചരിത്ര വിഭാഗം തലവനായ ഷഹര്യാര് അലിക്കെതിരെ ഫിറോസാബാദ് പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് കോളേജ് ഇദ്ദേഹത്തെ സസ്പെന്റ് ചെയ്തു.
അറസ്റ്റ് തടയണമെന്ന ഇയാളുടെ ആവശ്യം സുപ്രീം കോടതി തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതിയും തള്ളിയിരുന്നു. പ്രൊഫസറുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വാദത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.