തിരുവനന്തപുരം:സംസ്ഥാനത്ത് അബ്കാരി നിയമം ഭേദഗതി ചെയ്ത് സർക്കാർ.
അമിതമായ ആസക്തിയുള്ളവർക്ക് മദ്യം വിതരണം ചെയ്യാനാണ് അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തിയതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.
ഇനി മുതൽ വെയർഹൗസിൽ എത്തുന്നവർക്ക് മദ്യം നൽകാമെന്ന് നിയമ ഭേദഗതി പറയുന്നു. മദ്യപാനികൾക്ക് മദ്യം ലഭ്യമാക്കുക എന്നതിനപ്പുറം
മദ്യത്തിലൂടെ ലഭിച്ചിരുന്ന വൻ വരുമാനം നിലയ്ക്കുമോ എന്ന സന്ദേഹമാണ് പുതിയ മാർഗങ്ങൾ തേടാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത് എന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. മദ്യപാനികളെ ലൈവ് ആയി നിർത്തിയാലേ ലോക്ക് ഡൗൺ കഴിഞ്ഞാൽ മദ്യ വരുമാനം കുറയാതിരിക്കൂ എന്നാണ് നേത്യത്വത്തിൻ്റെ വിലയിരുത്തൽ.
നേരത്തെ ഡോക്ടർമാരുടെ കുറിപ്പടിയുമായി വരുന്നവർക്ക് വെയർഹൗസിൽ നിന്നും മദ്യം വിതരണം ചെയ്യാമെന്ന് സർക്കാർ ശുപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിയമ ഭേദഗതി കൊണ്ടുവന്നത്.
മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് നടപടി. മാർച്ച് 30 മുതൽ മുൻകാല പ്രാബല്യത്തോടെയാണു ഭേദഗതി. ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു ഭേദഗതി. അതേസമയം, ഹൈക്കോടതിയുടെ സ്റ്റേ ഉള്ളതിനാൽ ഇപ്പോൾ മദ്യം വിൽക്കില്ലെന്ന് എക്സൈസ് അറിയിച്ചു.
ഡോക്ടർമാരുടെ കുറിപ്പടിയുള്ളവർക്ക് മദ്യം നൽകാനുള്ള നീക്കം കേരള ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. മൂന്നാഴ്ചത്തേക്കാണ് സ്റ്റേ.
മദ്യാസക്തർക്ക് മദ്യം ബിവറേജസ് കോര്പറേഷൻ വഴി നൽകാനുള്ള ഉത്തരവിനെ ഹൈക്കോടതിയിൽ പൂർണ്ണമായും ന്യായീകരക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. . മദ്യം കിട്ടാതെ വരുമ്പോൾ രോഗ ലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ട് സംസ്ഥാനത്ത്. എല്ലാവരേയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ല. അതിനുള്ള സൗകര്യം സംസ്ഥാനത്തില്ലെന്നും സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞു.
എന്ത് ശാസ്ത്രീയ അടിത്തറയാണ് ഈ ഉത്തരവിന് ഉള്ളതെന്ന് കോടതി ചോദിച്ചു. മദ്യാസക്തര്‍ക്ക് മദ്യം നൽകുന്നു എന്നതിന് അപ്പുറം ഇതിലെന്ത് കാര്യമാണ് പറയാനുള്ളതെന്നും കോടതി ചോദിച്ചു. അപ്പോഴാണ് മദ്യം പൂര്‍ണ്ണമായും നിരോധിച്ച സംസ്ഥാനങ്ങളിൽ പോലും ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ മദ്യം ലഭ്യമാക്കുന്നുണ്ട് എന്ന കാര്യം സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞത്. അത് മാത്രമാണ് ഉദ്ദേശിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ വാദിച്ചു.
മാത്രമല്ല കുറിപ്പടി എഴുതാൻ ഡോക്ടര്‍മാരെ നിര്‍ബന്ധിക്കുന്നില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. ഡോക്ടർമാരും മദ്യം കുറിപ്പടിയായി എഴുതുന്നതിനെതിരേ രംഗത്തു വന്നിരുന്നു. അങ്ങനെ എങ്കിൽ സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് എന്ത് കാര്യമെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ ടിഎൻ പ്രതാപൻ നൽകിയ ഹര്‍ജി വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയും കോടതിയെ സമീപിച്ചിരുന്നു.