കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരായി ഭാര്യയുടെ നിർണായക മൊഴി. അർജുൻ ആയങ്കിയുടെ സ്വർണക്കടത്ത് വിവരങ്ങൾ ഭാര്യ അമലയ്ക്ക് അറിയാമായിരുന്നതായി കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിക സ്രോതസുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നും അമല മൊഴി നൽകിയിട്ടുണ്ട്.
അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ എതിർത്തുകൊണ്ടാണ് കസ്റ്റംസ് കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കിക്കെതിരേ കൂടുതൽ പേർ മൊഴി നൽകിയിട്ടുണ്ട്. ഇതിൽ അർജുൻ ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴി നിർണായകമാകും. കേസുമായി ബന്ധപ്പെട്ട് അമലയെ വിശദമായി ചോദ്യം ചെയ്തിരുന്നു.
ആദ്യത്തെ ചോദ്യം ചെയ്യിലിൽ അമല നൽകിയ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. തനിക്ക് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലെന്നാണ് അമല മൊഴി നൽകിയിരുന്നത്. ഇതിന് പിന്നാലെ അർജുൻ ആയങ്കിയുടെ വീട്ടിൽ നടത്തിയ റെയ്ഡിനെ തുടർന്ന് ലഭിച്ച ഡയറിൽ നിന്ന് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നു.
വീണ്ടും വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാൻ അമലക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് അമല നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്. 2020 മുതൽ സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരങ്ങളും വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്ന് ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത ഡി വൈ എഫ് ഐ നേതാവ് സജേഷിന്റെ മൊഴിയും അർജുൻ ആയങ്കിക്കെതിരായിരുന്നു.
അർജുൻ ആയങ്കിക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം അറിയാമായിരുന്നുവെന്നും തന്റെ പേരിലുണ്ടായിരുന്ന വാഹനത്തിന്റെ ഉടമസ്ഥാവകാശമടക്കം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ചെയ്തില്ലെന്നും സജേഷിന്റെ മൊഴിയിലുണ്ട്. കൂടാതെ നേരത്തെ ചോദ്യം ചെയ്ത അജ്മലിന്റെ മൊഴിയും അർജുൻ ആയങ്കിക്കെതിരായിരുന്നു. കൂടാതെ അർജുന്റെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങൾക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും മൊഴിയിൽ വ്യക്തമാക്കുന്നു. അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ എതിർത്തുകൊണ്ടാണ് കസ്റ്റംസ് കോടതിയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.