തിരുവനന്തപുരം: കാലർഷം ശക്തിപ്രാപിച്ചതിനാൽ അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്തുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ജലവൈദ്യുത ഉത്പാദനം വർധിപ്പിച്ച് ഡാമുകളിലെ ജലനിരപ്പ് പരമാവധി നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ഇബിയുടെ ജലസംഭരണികളിലാകെ ഇന്ന് രാവിലെ ഏഴു വരെയുള്ള കണക്കുപ്രകാരം 52.57 ശതമാനം വെള്ളമാണുള്ളത്. പ്രധാന ജലസംഭരണികളിലെ ജലനിരപ്പ് ആശങ്കാജനകമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ച റൂൾ കർവുകൾ കർശനമായി പാലിക്കും. ഡാമുകളിലെ ജലനിരപ്പ് ഉയരുന്ന പക്ഷം നിയമാനുസൃതമായ മുന്നറിയിപ്പുകൾ നൽകി ഡാമുകൾ തുറക്കാനും ഉദ്യോഗസ്ഥരോട് നിർദേശിച്ചതായി മന്ത്രി അറിയിച്ചു.