ആലപ്പുഴ : നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ സിപിഎമ്മിൻ്റെ പ്രവർത്തനങ്ങളിൽ മുൻ മന്ത്രി ജി സുധാകരന് വീഴ്ചയുണ്ടായെന്ന പരാതി അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മീഷന് ജൂലൈ 25ന് ആലപ്പുഴയിലെത്തും. എളമരം കരീം, കെ.ജെ.തോമസ് എന്നിവരടങ്ങുന്ന രണ്ടംഗ കമ്മീഷനാണ് പ്രവര്‍ത്തന വീഴ്ചയെ കുറിച്ച് അന്വേഷിക്കുന്നത്.
സംസ്ഥാന സമിതിയുടെ തീരുമാനം ഇന്ന് നടന്ന ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു. ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ ജി സുധാകരന് പ്രതികരിച്ചില്ല. ജില്ലാ കമ്മിറ്റിയിൽ അഞ്ച് പേർ മാത്രമാണ് സുധാകരനെ പിന്തുണച്ചത്. 35 പേർ അന്വേഷണ കമ്മീഷനെ സ്വാഗതം ചെയ്തു.
ഈ മാസം ആദ്യം ചേര്‍ന്ന സിപിഎമ്മിന്റെ സംസ്ഥാന സമിതിയാണ് അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചയെ സംബന്ധിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന സമിതി അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സുധാകരന് അമ്പലപ്പുഴയിലെ വിജയത്തിന് അടിസ്ഥാനമായുള്ള പ്രവര്‍ത്തനമല്ല സംഘടിപ്പിച്ചതെന്ന വിമര്‍ശനമുണ്ടായിരുന്നു. തുടര്‍ന്നാണ് രണ്ടംഗ അന്വേഷണ കമ്മീഷനെ നിയമിച്ചത്.
തെരഞ്ഞെടുപ്പിന് ശേഷം അമ്പലപ്പുഴയിൽ വിജയിച്ച സിപിഎമ്മിലെ എച്ച് സലാം എം എൽ എ പ്രചാരണത്തിൽ ജി സുധാകരൻ വേണ്ടത്ര സഹകരിച്ചില്ലെന്ന് ജില്ലാ കമ്മിറ്റിയിൽ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതു സംബന്ധിച്ച് സലാം പരാതിയും നൽകിയിരുന്നു. മുമ്പ് സുധാകരൻ്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന സലാമിൻ്റെ ചുവടുമാറ്റം സുധാകര അനുകൂലികളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.