കാബൂള്‍: പുലിറ്റ്‌സര്‍ ജേതാവും റോയിട്ടേഴ്‌സ് ഫോട്ടോജേണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ ദുഖിക്കുന്നതായി താലിബാന്‍. എന്നാല്‍ ഡാനിഷ് സിദ്ദിഖി എങ്ങനെ കൊല്ലപ്പെട്ടെന്നു അറിയില്ലെന്നും താലിബാന്‍ പ്രതികരിച്ചു. ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നതായി അറിയില്ലായിരുന്നുവെന്നാണ് താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞത്. വാര്‍ത്താ മാധ്യമമായ സിഎന്‍എന്നിനോടാണ് താലിബാന്‍ വക്താവ് പ്രതികരിച്ചത്.
താലിബാന്‍ ഭീകരരും അഫ്ഗാന്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കാണ്ഡഹാറില്‍ വെച്ചാണ് കഴിഞ്ഞ ദിവസം ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. അതേസമയം യുദ്ധ മേഖലില്‍ പ്രവേശിക്കുന്ന പത്രപ്രവര്‍ത്തകര്‍ തങ്ങളെ വിവിരമറിയിച്ചാല്‍ പ്രത്യേകം സംരക്ഷിക്കുമെന്നും താലിബാന്‍ പറയുന്നു. ‘യുദ്ധമേഖലയില്‍ പ്രവേശിക്കുന്ന ഏതൊരു പത്രപ്രവര്‍ത്തകനും ഞങ്ങളെ അറിയിക്കണം. ആ പ്രത്യേക വ്യക്തിയെ ഞങ്ങള്‍ കൃത്യമായി പരിപാലിക്കും, ഇന്ത്യന്‍ പത്രപ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു.
മാധ്യമപ്രവര്‍ത്തകര്‍ ഞങ്ങളെ അറിയിക്കാതെ യുദ്ധമേഖലയില്‍ പ്രവേശിക്കുന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നു”. സബിയുള്ള മുജാഹിദ് കൂട്ടിച്ചേര്‍ത്തു. അഫ്ഗാന്‍ സുരക്ഷാസേനയും താലിബാനും തമ്മില്‍ നടക്കുന്ന സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനായി പ്രത്യേക അസൈന്‍മെന്റിന്റെ ഭാഗമായാണ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിലെത്തിയത്. യുഎസ് സൈന്യം അഫ്ഗാനില്‍ നിന്ന് പിന്മാറുന്ന സാഹചര്യത്തില്‍ താലിബാന്‍ ശക്തിയാര്‍ജിക്കുകയാണ്. അഫ്ഗാന്‍ സൈന്യത്തിനൊപ്പമായിരുന്നു ഡാനിഷ് സിദ്ദിഖി സഞ്ചരിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പാകിസ്ഥാന്‍ അതിര്‍ത്തിയ്ക്ക് അടുത്തുവെച്ചു നടന്ന ഒരു ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടതായി ഒരു വാര്‍ത്താ ഏജന്‍സി സ്ഥിരീകരിക്കുകയായിരുന്നു. സ്പിന്‍ ബോള്‍ഡാക്കിലെ പ്രധാന മാര്‍ക്കറ്റിന്റഎ നിയന്ത്രണം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിനിടെയാണ് താലിബാന്‍ ആക്രമിച്ചതെന്നാണ് അഫ്ഗാന്‍ സേന പറയുന്നത്. ഡാനിഷ് സിദ്ദിഖിയ്ക്കു പുറമെ ഒരു മുതിര്‍ന്ന സൈനികോദ്യോഗസ്ഥനും താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അവര്‍ വ്യക്തമാക്കി.