മുംബൈ: വ്യാജവാര്‍ത്തകളും സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള മെസേജുകളും പ്രചരിപ്പിച്ചതിന് മേയ് 15 മുതല്‍ ജൂണ്‍ 15വരെയുള്ള കാലയളവില്‍ വാട്ട്സ്ആപ്പ് രാജ്യത്ത് വിലക്കിയത് 20 ലക്ഷം അക്കൗണ്ടുകൾ. വാട്ട്സ്ആപ്പ് പുറത്തുവിട്ട ആദ്യ പ്രതിമാസ പരാതി പരിഹാര റിപ്പോര്‍ട്ടിലാണ് ഇക്കാര്യമറിയിച്ചത്.
50 ലക്ഷത്തിലേറെ ഉപയോക്താക്കളുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് എല്ലാ മാസവും പരാതി പരിഹാര റിപ്പോര്‍ട്ട് നല്കണമെന്നുള്ള പുതിയ ഐടി ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായാണു വാട്സ്ആപ്പിന്റെ നടപടി.
വിലക്കിയവയില്‍ 95 ശതമാനവും വ്യാജവാര്‍ത്തകളും സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള മെസേജുകളും നിരവധി അക്കൗണ്ടുകളിലേക്കു കംപ്യൂട്ടര്‍ സഹായത്തോടെ അയച്ചവയാണെന്നും വാട്സ്ആപ്പ് അറിയിച്ചു. കൂടാതെ, ഈ കാലയളവിൽ കമ്പനിയുടെ പരാതി ഉദ്യോഗസ്ഥർക്ക് മൊത്തം 345 അഭ്യർത്ഥനകൾ ലഭിച്ചു.
70 എണ്ണം അന്വേഷണങ്ങൾ, അക്കൗണ്ട് നിരോധനത്തിനുള്ള 204 അപ്പീലുകൾ, 43 അക്കൗണ്ട് സപ്പോർട്ട് , ഉപയോക്തൃ സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട 8 എണ്ണം എന്നിവ ഉൾപ്പെടുന്നു. ഇതിൽ 63 അഭ്യർത്ഥനകൾ കമ്പനി നടപ്പാക്കിയെന്ന് റിപ്പോർട്ട് പറയുന്നു.