ഹവാന: രാജ്യത്ത് പ്രക്ഷോഭം ശക്തമായതിന് പിന്നാലെ ക്യൂബയിൽ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയവ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കുന്നില്ല. സാമ്പത്തികമുരടിപ്പും കൊറോണ പ്രതിസന്ധി നേരിടുന്നതിലെ പരാജയവുമാണ് ഞായറാഴ്ച ആയിരക്കണക്കിനു ജനങ്ങളെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരേ പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചത്. നൂറുകണക്കിനു പേര് അറസ്റ്റിലായി.
അതേസമയം സാമ്പത്തിക തകർച്ചയ്ക്കും പ്രതിഷേധങ്ങൾക്കും അമേരിക്കയെ കുറ്റപ്പെടുത്തി ക്യൂബ. “ഭരണമാറ്റം” എന്ന ലക്ഷ്യത്തോടെ സാമൂഹിക അസ്വസ്ഥതകളെ അമേരിക്ക പ്രോത്സാഹിപ്പിക്കുകയാണെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ്-കാനല്‍. രാജ്യത്തെ പ്രശ്നങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണം അമേരിക്കയും അവരുടെ സാമ്പത്തിക ഉപരോധവുമാണെന്ന് ക്യൂബ ആരോപിച്ചു.
ഭരണകൂടം തടവിലാക്കിയ പ്രതിഷേധക്കാരെയെല്ലാവരെയും പുറത്തുവിടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ക്യൂബയിലെ സാഹചര്യം സംബന്ധിച്ചും ഭരണകൂടത്തിന്റെ പ്രതികരണത്തിലും ആശങ്കയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരായ അതിക്രമങ്ങളെ അപലപിക്കുന്നു. അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയ പ്രതിഷേധക്കാരെ മോചിപ്പിക്കണമെന്ന് ക്യൂബന്‍ സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.