ന്യൂഡെൽഹി : റദ്ദാക്കിയ ഐ ടി നിയമം 66 A പ്രകാരം കേസെടുക്കരുതെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. റദ്ദാക്കിയ ഈ നിയമം ചുമത്തി രാജ്യത്ത് ഇപ്പോഴും കേസ് എടുക്കുന്നതിൽ സുപ്രീം കോടതി രൂക്ഷ വിമർശനമുയർത്തിയതിന് പിന്നാലെയാണ് നിർദേശം. പോലീസ് സ്റ്റേഷനുകൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകണമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടുണ്ട്.
കേസുകൾ എടുത്തിട്ടുണ്ടെങ്കിൽ അടിയന്തരമായി പിൻവലിക്കണമെന്നും നിർദ്ദേശമുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപകരമായ കാര്യങ്ങൾ പോസ്റ്റ് ചെയ്താൽ 3 വർഷം വരെ തടവ് ലഭിക്കുന്നതായിരുന്നു 66 A നിയമം. ജനാധിപത്യ വിരുദ്ധവും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരും ആണെന്ന് ചൂണ്ടികാട്ടി ഇത് സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.
നിയമം റദ്ദാക്കിയ ശേഷവും വിവിധ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് കേസുകളായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. ഏറ്റവും കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. ഇതിനെതിരേ നിരവധി പേർ കോടതികളെ സമീപിച്ചിരുന്നു. റദ്ദാക്കിയ നിയമത്തിൻ്റെ മറപിടിച്ച് ശത്രുക്കളെ ഉന്മൂലനം ചെയ്യാൻ സർക്കാരുകൾ ഇത് ആയുധമാക്കിയിരുന്നു. ഇതെ തുടർന്നാണ് വിഷയത്തിൽ സുപ്രീം കോടതി ഇടപെടൽ ഉണ്ടായത്.