തിരുവനന്തപുരം: തിരുവനന്തപുരത്ത് സിക ക്ലസ്റ്റര്‍ രൂപപ്പെട്ടെന്ന് ആരോഗ്യ വകുപ്പിൻ്റെ മുന്നറിയിപ്പ്. ആനയറയില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഭീതി വേണ്ടെന്നും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 23 പേര്‍ക്കാണ് സിക സ്ഥിരീകരിച്ചത്. ഇവരെല്ലാം തിരുവനന്തപുരം നഗരപരിധിയിലെ താമസക്കാരാണ്.
സിക വൈറസിനെ നേരിടാന്‍ കോര്പ്പറേഷന് ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് പ്രവര്‍ത്തനം നടത്തുന്നുണ്ട്. സിക വൈറസ് ബാധ ഒഴിവാക്കാന്‍ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കിയതായി മന്ത്രി പറഞ്ഞു.
സിക വൈറസ് ബാധയെ കുറിച്ച് ഓര്‍ത്ത് ഭീതി വേണ്ട. ജാഗ്രത തുടരുകയാണ് വേണ്ടത്. വീടിന് ചുറ്റും കൊതുകുകള്‍ പെരുകുന്നില്ലെന്ന് ഉറപ്പാക്കണം. ഇതിനായി ഏഴു ദിവസം ഫോഗിങ് നടത്താന്‍ തീരുമാനിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഒന്‍പത് വാര്‍ഡുകള്‍ സിക ബാധിത പ്രദേശങ്ങളെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ശക്തമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ പരിഹരിക്കുമെന്നും ഡിഎംഒ അറിയിച്ചു.