ഓഹരി വിപണി മികച്ച നേട്ടത്തിൽ അവസാനിപ്പിച്ചു

മുംബൈ: നഷ്ടത്തോടെ തുടങ്ങിയെങ്കിലും നേട്ടം തിരിച്ചുപിടിച്ച്‌ ഓഹരി വിപണി. സെൻസെക്‌സ് 134 പോയന്റ് ഉയർന്ന് 52,904.05ലും നിഫ്റ്റി 42 പോയന്റ് നേട്ടത്തിൽ 15,853.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

പ്രമുഖ ഐടി കമ്പനിയായ’ മൈൻഡ്ട്രീ ‘മികച്ച പ്രവർത്തനഫലമാണ് പുറത്തുവിട്ടത്. അതേസമയം മൊത്തവില പണപ്പരുപ്പത്തിൽ നേരിയതോതിൽ കുറവ് രേഖപ്പെടുത്തി. രാജ്യത്തെ സാമ്പത്തിക സൂചകങ്ങളിലെ അനുകൂല ഘടകങ്ങളും നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദഫലങ്ങളുമാണ് വിപണിക്ക് കരുത്തായത്.

ഇൻഫോസിസ്, എൽആൻഡ്ടി, എച്ച്‌സിഎൽ ടെക് മഹീന്ദ്ര, , ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു.

നിഫ്റ്റി ഐടി സൂചിക മൂന്നുശതമാനം ഉയർന്നു. എനർജി, എഫ്‌എംസിജി, റിയാൽറ്റി, ഫിനാൻസ്, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ നഷ്ടത്തിലാണ് ക്ലോസ്‌ചെയ്തത്. അതേസമയം പ്രമുഖ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ ഐപിഒയ്ക്ക് മികച്ച പ്രതികരണമാണ് വിപണിയിൽനിന്നുണ്ടായത്. ആദ്യദിവസംതന്നെ 58 ശതമാനം സബ്‌സ്‌ക്രിപ്ഷൻ ലഭിച്ചു.