കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 28 കോടിയുടെ ഹെറോയിൻ പിടിച്ചെടുത്തു

കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിപണിയിൽ 28 കോടി രൂപ വില വരുന്ന 4.640 കിലോ ഹെറോയിൻ പിടിച്ചെടുത്തു. തിങ്കളാഴ്ച ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ.) വിഭാഗം നടത്തിയ പരിശോധനയിലാണ് ഹെറോയിൽ പിടിച്ചെടുത്തത്. എമിറേറ്റ്‌സ് എയർലൈൻസ് വിമാനത്തിൽ ദുബായ് വഴി കൊച്ചിയിലെത്തിയ താൻസാനിയ സ്വദേശി അഷറഫ് മെട്ടോറോ സാഫി(32)യുടെ പക്കൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചത്.

ട്രോളി ബാഗിന്റെ അടിയിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ചിരിക്കുകയായിരുന്നു. കുന്തിരിക്കത്തിന്റെ രൂപമാണിതിന്. നാല് പൊതികളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. മെഡിക്കൽ വിസയിലെത്തിയ ഇയാളെ സംശയം തോന്നി എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡിആർഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തിയിരുന്നു.

ഡിആർഐ ബാഗേജ് തുറന്നു പരിശോധിച്ച് മയക്കുമരുന്ന് കണ്ടെത്തിയതോടെ എമിഗ്രേഷൻ വിഭാഗം ഇയാളെ കൈമാറി. കൊച്ചിയിൽ വിമാനമിറങ്ങി തീവണ്ടിയിൽ ഡൽഹിക്ക്‌ പോകാനാണ് ഇയാൾ പദ്ധതിയിട്ടിരുന്നത്. മയക്കുമരുന്ന് വിശദ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ചോദ്യം ചെയ്യലിനു ശേഷം ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.