കേരളം പൊട്ടക്കിണറ്റിലെ തവളയെപ്പോലെ; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കിറ്റെക്‌സ് എംഡി

കൊച്ചി: സംസ്ഥാന സര്‍ക്കാരിനും വ്യവസായ വകുപ്പിനുമെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കിറ്റക്സ് എംഡി സാബു എം ജേക്കബ്.വ്യവസായികള്‍ക്കായിയെന്ന് കൊട്ടിഘോഷിക്കുന്ന സംസ്ഥാനത്തിന്റെ ഏകജാലകസംവിധാനം കാലഹരണപ്പെട്ടതാണ്. കേരളത്തിൻ്റേത് പൊട്ടകിണറ്റില്‍ വീണ തവളയുടെ സ്ഥിതിയാണെന്ന് സാബു ജേക്കബ് പറഞ്ഞു.

വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇതൊന്നും അറിയുന്നില്ല. കിണറ്റിലെ തവളകളെപ്പോലെയാണ് അവര്‍. തെലുങ്കാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഹൈദരാബാദില്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം തിരിച്ചെത്തിയതായിരുന്നു സാബു എം ജേക്കബ്. തെലങ്കാനയില്‍ കിറ്റക്സിന്റെ യൂണിറ്റു തുടങ്ങുന്നതില്‍ ധാരണയായതായി സാബു എം ജേക്കബ് ഇന്നലെ അറിയിച്ചിരുന്നു.

ടെക്സ്‌റ്റൈല്‍ വ്യവസായത്തിനായി പ്രത്യേക പാര്‍ക്കിലാണ് മുതല്‍ മുടക്കുക. കേരളത്തില്‍നിന്ന് വ്യത്യസ്തമാണ് നടപടികളെന്നും അദ്ദേഹം പറഞ്ഞു. മുടക്കമില്ലാതെ വെള്ളവും വൈദ്യുതിയും തെലങ്കാന വാഗ്ദാനം ചെയ്തിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ നിക്ഷേപ സൗകര്യം ഒരുക്കും. ഭൂമി, വൈദ്യുതി, നികുതി, വെള്ളം നിരക്കുകള്‍ കുറച്ചു നല്കുമെന്നും അദ്ദേഹം പറഞ്ഞു. പത്തു വര്‍ഷം ജിഎസ്ടി ഒഴിവാക്കി തന്നതായും സാബു ജേക്കബ് വെളിപ്പെടുത്തി.

മുടക്കുമുതലിന്റെ 70 ശതമാനത്തോളം തിരിച്ചു ലഭിക്കുന്ന തരത്തിലുള്ള സ്‌കീമുകളാണ് തെലങ്കാന സര്‍ക്കാര്‍ നല്‍കിയത്. കേരളത്തില്‍ അരനൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചു വരുന്നു. ഇതുവരെ പരിശ്രമിച്ചത് മറ്റു സംസ്ഥാനങ്ങളില്‍ ആയിരുന്നെങ്കില്‍ കിറ്റക്സ് ഇതിന്റെ ഇരുപതിരട്ടി വളര്‍ച്ച കൈവരിക്കുമായിരുന്നു.കേരളമിപ്പോള്‍ പറയുന്ന സിംഗിള്‍ വിന്‍ഡോ ക്ളിയറന്‍സ് കാലഹരണപ്പെട്ടു കഴിഞ്ഞുവെന്ന് സാബു ജേക്കബ് പറഞ്ഞു.

ഇ പാസിലും ഐ-പാസിലേയ്ക്കും മറ്റു സംസ്ഥാനങ്ങള്‍ നീങ്ങിയപ്പോള്‍ കേരളം ഇപ്പോഴും ഇതു തന്നെ ചര്‍ച്ച ചെയ്യുന്നു. ഒരേ ഒരു അനുമതി പത്രത്തില്‍ പത്തു വര്‍ഷം പ്രവര്‍ത്തിക്കാമെന്ന നിലയാണ് എല്ലായിടത്തുമുള്ളത്. കേരളത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതൊന്നും അരിയുന്നില്ല. തെലങ്കാനയില്‍ കണ്ടത് സംസ്ഥാനത്തിന്റെ സിഇഒയെയാണ് , വ്യവസായമന്ത്രിയല്ല. സാങ്കേതിക പ്രശ്നമുള്‍പ്പെടെയുള്ളതിന് ഉടനടി പരിഹാരം നിര്‍ദ്ദേശിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

മാലിന്യം പുറത്തേയ്ക്കു വിടുന്നു എന്ന ആരോപണമാണ് ഇവിടെ ഉയര്‍ത്തുന്നത്. എന്നാല്‍ മാലിന്യം സംസ്‌ക്കരിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന്റേതാണെന്ന നിലപാടാണ് തെലങ്കാനയുടേത്. ഉദ്യോഗസ്ഥ റെയ്ഡുകളെ പറ്റിയും ഉറപ്പു ലഭിച്ചു. പരിശോധനകള്‍ക്കായി ഉദ്യോഗസ്ഥരെത്തില്ല. മുന്‍കൂട്ടി അറിയച്ച ശേഷം മാത്രമായിരിക്കും പരിശോധനകള്‍. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ സര്‍ക്കാരുമായി സഹകരിച്ചു തീര്‍ക്കും. അല്ലാതെ അപമാനിക്കില്ല- സാബു ജേക്കബ് പറയുന്നു.

എന്നാല്‍ കിറ്റെക്‌സ് എംഡിയുടെ ആരോപണങ്ങളോടു പ്രതികരിക്കാനില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. നേരത്തേ വ്യക്തമാക്കിയത് സംസ്ഥാന നിലപാടാണ്. ഈ പ്രതികരണങ്ങള്‍ ഇങ്ങനെ തുടര്‍ച്ചയായി ഉയര്‍ത്തുന്നതില്‍ മറ്റു ലക്ഷ്യമുള്ളതായും അദ്ദേഹം ആരോപിച്ചു.