വിദഗ്ധ ചികിത്സയ്ക്ക് ലക്ഷദ്വീപിൽ നിന്നും കൊച്ചിയിൽ എത്തിച്ച യുവതിയും ഗർഭസ്ഥ ശിശുവും മരിച്ചു

കൊച്ചി: വിദഗ്ധ ചികിത്സയ്ക്കായി ലക്ഷദ്വീപിൽ നിന്നും കൊച്ചിയിൽ എത്തിച്ച യുവതിയും ഗർഭസ്ഥ ശിശുവും മരിച്ചു. കിൽത്താൻ ദ്വീപ് മേലാചെറ്റ വീട്ടിൽ അഹമ്മദ് ഖാന്റെ ഭാര്യ എം സി ബീഫാത്തുമ്മാവി (40) ആണ് മരിച്ചത്. ശ്വാസംമുട്ടലും ന്യുമോണിയയും ബാധിച്ച് ഈ മാസം 2ന് ആണ് യുവതിയെ കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രസവ തീയതിക്ക് 10 ദിവസം മാത്രമുള്ള യുവതി ചെറിയ ശ്വാസം മുട്ടലുമായിട്ടാണ് എത്തിയത്. എന്നാൽ വ്യാഴാഴ്ച രാവിലെ യുവതിക്ക് ശ്വാസംമുട്ടൽ വർധിക്കുകയും ആരോഗ്യനില തകരാറിലാകുകയും ചെയ്തു. തുടർന്ന് കവരത്തിയിൽ നിന്നും ഹെലികോപ്റ്റർ മാർഗം മെഡിക്കൽ എക്സ്കോർട്ടോടെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ജനറൽ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയെങ്കിലും ആരോഗ്യനില തൃപ്തികരമായിരുന്നില്ല. തുടർന്ന് എറണാകുളം മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെ യാത്രാമധ്യേയാണ് യുവതി മരിച്ചത്. തുടർന്ന് യുവതിയുടെ ഭർത്താവ് വിളിച്ചതനുസരിച്ച് അയിഷ സുൽത്താന ആശുപത്രിയിൽ എത്തി ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്തു.

മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കളമശ്ശേരി പാലക്കാമുകൾ ജുമാ പള്ളിയിൽ ഖബറടക്കം നടത്തി. മക്കൾ: വിദ്യാർത്ഥികളായ ഷംസുൽ, ആരിഫാ ബീഗം.