ന്യൂഡെൽഹി: കര, നാവിക, വ്യോമ സേനകളിൽ നിന്നു വിരമിച്ചവരുടെ പെൻഷൻ വിതരണത്തിനു സ്പർശ് എന്ന പേരിൽ ഓൺലൈൻ സംവിധാനം സജ്ജമാക്കി. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട ഓഫിസ് നടപടിക്രമങ്ങളിലെ കാലതാമസവും പോരായ്മകളും പരിഹരിക്കാനാ ലക്ഷ്യമിട്ടാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ സംവിധാനം.
പുതിയ സംവിധാനം വഴി മൂന്ന് സേനകളിലെയും വിമുക്ത ഭടൻമാർക്കുള്ള പെൻഷൻ വിതരണ നടപടികൾ ഏകീകരിക്കാനും കഴിയുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് സംസ്ഥാനങ്ങളിൽ കേന്ദ്രങ്ങൾ സജ്ജമാക്കും.
പെൻഷൻ വിതരണം ചെയ്യുന്ന എസ്ബിഐ, പഞ്ചാബ് നാഷനൽ ബാങ്ക് ശാഖകളെയും സേവന കേന്ദ്രങ്ങളാക്കും. കൂടുതൽ വിവരങ്ങൾ പ്രിൻസിപ്പൽ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സിന്റെ http://www.pcdapension.nic.in വെബ്സൈറ്റിൽ ലഭിക്കും.