ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ അവസരം കാത്ത് നിയന്ത്രണ രേഖയ്ക്ക് സമീപം 250-300 ഭീകരര്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ അവസരം കാത്ത് ഭീകരര്‍ കഴിയുന്നതായി കശ്മീര്‍ ഡിജിപി
ദില്‍ബാഗ് സിംഗ്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ലോഞ്ച് പാഡുകളില്‍ 250-300 ഭീകരര്‍ നുഴഞ്ഞുകയറാനായി ഒരുങ്ങിയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആയുധക്കടത്തും ലഹരിക്കടത്തും സജീവമാക്കാന്‍ ഭീകരര്‍ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നിരവധി തുരങ്കങ്ങള്‍ കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ദില്‍ബാഗ് സിംഗ് അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും സമീപകാലത്ത് ഡ്രോണുകളുടെ സാന്നിധ്യം വലിയ രീതിയില്‍ കണ്ടുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഡ്രോണുകള്‍ ഉപയോഗിച്ച് ആയുധങ്ങളും ലഹരിമരുന്നുകളും കടത്താന്‍ ലഷ്‌കര്‍ ഇ ത്വയ്ബയും ജെയ്‌ഷെ മുഹമ്മദും ശ്രമിക്കുന്നുണ്ടെന്ന് ദില്‍ബാഗ് സിംഗ് അറിയിച്ചു. ഈ രണ്ട് ഭീകര സംഘടനകളും പാകിസ്താന്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നതെന്നും എയര്‍ഫോഴ്‌സ് സ്‌റ്റേഷന് നേരെയുണ്ടായ ആക്രമണം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.