മസ്കറ്റ്: കൊറോണ വ്യാപന ഭീതിയിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, യുകെ തുടങ്ങി 24 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ ഒമാൻ നിർത്തിവെച്ചു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്ന് ഒമാൻ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി അറിയിച്ചു.
ടുണീഷ്യ, ലെബനൻ, ബ്രൂണായ്, ഇൻഡോനേഷ്യ, എത്യോപ്യ, ഇറാൻ, അർജന്റീന, ബ്രസീൽ, സുഡാൻ, ഇറാഖ്, ഫിലിപൈൻസ്, ടാൻസാനിയ, ദക്ഷിണാഫ്രിക, സിംഗപൂർ, ഘാന, സിയറ ലിയോൺ, ഗ്വിനിയ, കൊളംബിയ, നൈജീരിയ, ലിബിയ എന്നിവയാണ് പട്ടികയിൽ ഉൾപെട്ടിട്ടുള്ള മറ്റ് രാജ്യങ്ങൾ. അതേസമയം ഒമാനിൽ പുതുതായി 1,675 കൊറോണ കേസുകളും 17 മരണങ്ങളും ബുധനാഴ്ച റിപോർട്ട് ചെയ്തു. ഇതോടെ പോസിറ്റീവ് കേസുകളുടെ എണ്ണം 280,235 ആയി. 248,151 പേർ രോഗമുക്തരായിട്ടുണ്ട്. മരണസംഖ്യ 3356 ആയി ഉയർന്നു.
വിമാന സർവീസുകൾ റദ്ദാക്കിയതോടെ മലയാളികളടക്കം അനേകം പേർ പ്രതിസന്ധിയിലായി. ഇനി എപ്പോൾ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കാത്തതും ആശങ്കയുണ്ടാക്കുന്നു.