രോഗ വ്യാപനം ഉയരുന്നു; ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും നിയന്ത്രണങ്ങൾ

ഗുരുവായൂർ: ക്ഷേത്ര ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം. ഗുരുവായൂർ നഗരസഭയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.58 ശതമാനമായതിനെ തുടർന്നാണ് നിയന്ത്രണം. ക്ഷേത്ര ദർശനത്തിന് എത്തുന്നവരുടെ എണ്ണം കുറയ്ക്കും. ദേവസ്വം ജീവനക്കാരെയും നാട്ടുകാരെയും ക്ഷേത്രദർശനത്തിന് അനുവദിക്കില്ല. പുതിയ വിവാഹ ബുക്കിങ്ങും അനുവദിക്കില്ല. നേരത്തെ ബുക്ക് ചെയ്തവർക്ക് വിവാഹം നടത്താൻ അനുമതി നൽകും.

ഒന്നര മാസത്തെ അടച്ചു പൂട്ടലിന് ശേഷം രണ്ടാഴ്ച മുൻപാണ് ക്ഷേത്രം തുറന്നത്. പ്രവേശനം വെർച്വൽ ക്യൂ വഴിയാണ് അനുവദിച്ചിരുന്നത്. 300 പേർക്കായിരുന്നു ഒരു ദിവസം വെർച്വൽ ക്യൂ വഴി ക്ഷത്രത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. അതും ഒരു സമയം 15 പേർക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശനം. ക്ഷേത്രത്തിൽ വിവാഹങ്ങൾക്കും അനുമതി നൽകിയിരുന്നു. അതേസമയം കഴിഞ്ഞ ബുധനാഴ്ച ക്ഷേത്രസന്നിധിയിൽ 45 കല്യാണങ്ങൾ നടന്നു.

കൊറോണ രണ്ടാം വ്യാപന നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ ശേഷം ഏറ്റവും കൂടുതൽ വിവാഹം നടന്നത് ബുധനാഴ്ചയാണ്. രാവിലെ അഞ്ച്​ മുതൽ ഉച്ചക്ക് 12 വരെയായിരുന്നു കല്യാണച്ചടങ്ങുകൾ. ഓരോ കല്യാണ സംഘത്തിനുമൊപ്പം പത്തു​ പേർക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നത്. അടുത്ത ഞായറാഴ്ചയിലേക്ക് 35 കല്യാണങ്ങൾ ഇതുവരെ ബുക്ക് ചെയ്തിട്ടുണ്ട്. ചോറൂൺ വിഭവങ്ങളുടെ കിറ്റ് നൽകും.

ലോക്ഡൗണിൻ്റെ സാഹചര്യത്തിൽ ചോറൂൺ വഴിപാട് നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് വിഭവങ്ങൾ കിറ്റിൽ നൽകുന്നത്. 100 രൂപക്ക് ചോറൂൺ ശീട്ടാക്കുമ്പോൾ നിവേദ്യ ചോറ്, വെണ്ണ, കദളിപ്പഴം, പഞ്ചസാര, നെയ്പായസം, ചന്ദനം എന്നീ വിഭവങ്ങൾ പ്രത്യേക പാത്രത്തിൽ നൽകും. ലോക്ഡൗൺ നിയന്ത്രണങ്ങൾ മൂലം 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ക്ഷേത്രത്തിൽ പ്രവേശനം ഇല്ലാത്തതിനാൽ ഒന്നര വർഷത്തോളമായി ചോറൂൺ വഴിപാട് നടക്കുന്നില്ല.