ഡെൽഹിയിലെങ്ങും ആശങ്ക ; ക്വാറൻ്റീൻ കേന്ദ്രങ്ങളിലെ മുപ്പതു പേരെ കാണാതായി

ന്യൂഡെൽഹി: കൊറോണ ബാധിതരെന്ന് സംശയിക്കുന്ന മുപ്പതു പേരെ ദുരൂഹസാഹചര്യത്തിൽ കാണാതായി. ന്യൂഡെൽഹിയിലെ മുഖർജി നഗർ, ആസാദ്പുർ കോളനി എന്നിവിടങ്ങളിലെ ക്വാറന‍റീൻ കേന്ദ്രങ്ങളിൽ താമസിച്ചിരുന്നവരാണ് അപ്രത്യക്ഷമായത്. ഇവർ എവിടേക്കാണ് പോയത് എന്നറിയാത്തത് രാജ്യതലസ്ഥാനത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.

മോഡൽ ടൗണിലെ ആസാദ്പുർ കോളനിയിലുള്ള കേന്ദ്രത്തിൽ ഏപ്രിൽ 15-ന് കൊറോണ ബാധിതരെന്നു സംശയിക്കുന്ന നൂറിലധികം പേരെ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് 21-ന് രാത്രി ഇവിടെനിന്ന് നാലുപേരെ കാണാനില്ലെന്ന് വിവരം പുറത്തുവന്നു. മുഖർജി നഗറിലെ കേന്ദ്രത്തിൽ ഏപ്രിൽ 16-നാണ് 125-ഓളം പേരെ പ്രവേശിപ്പിച്ചത്. ഇവിടെനിന്ന് 20-നാണ് മുപ്പതിലധികംപേരെ കാണാതായത്.

ഇവർ‍ക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഡൽഹി പോലീസ് വിവിധ സംഘങ്ങൾ രൂപവത്കരിച്ച് അന്വേഷണം നടത്തുന്നത്. കൂടാതെ അയൽസംസ്ഥാനങ്ങളിലെ പോലീസിനും വിവരം കൈമാറി. കാണാതായവരിൽ ഏതാനും നേപ്പാൾ സ്വദേശികളും ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.