കെയ്റോ: കഴിഞ്ഞ മാർച്ചിൽ സൂയസ് കനാലിൽ കുടുങ്ങി ദിവസങ്ങളോളം ചരക്കുകടത്ത് തടസ്സപ്പെടുത്തിയ ജപ്പാൻ കപ്പൽ ‘എവർ ഗിവണി’നെ മോചിപ്പിക്കാൻ ഈജിപ്ത് സർക്കാർ. കുറേക്കാലം കോടതി കയറിയ നഷ്ട പരിഹാര തർക്കം ഒടുവിൽ തീർപായതോടെയാണ് ജൂലൈ ഏഴിന് സൂയസ് വിടാമെന്ന് കനാൽ അധികൃതർ അറിയിച്ചത്.
ശക്തമായ കാറ്റിൽ മണൽതിട്ടയിൽ കുടുങ്ങിയ കപ്പൽ ആറു ദിവസമാണ് വഴിമുടക്കി കനാലിന്റെ വീതി കുറഞ്ഞ ഭാഗത്ത് വിലങ്ങനെ കുടുങ്ങിയത്. ഇതേ തുടർന്ന് യൂറോപിലേക്കും ഏഷ്യയിലേക്കും മറ്റു ഭൂഖണ്ഡങ്ങളിലേക്കുമുള്ള ചരക്ക് കടത്ത് വ്യാപകമായി തടസ്സപ്പെട്ടു. സൂയസ് നഗരമായ ഇസ്മാഈലിയയിൽ ഔദ്യോഗിക ചടങ്ങ് സംഘടിപ്പിച്ച് കപ്പൽ വിട്ടയക്കൽ ആഘോഷമാക്കാനാണ് അധികൃതർ ആലോചിക്കുന്നത്.
വിട്ടുനൽകൽ കരാർ പ്രകാരം സൂയസ് കനാലിന് 75 ടൺ ശേഷിയുള്ള ഒരു ടഗ് ബോട്ട് ലഭിക്കും. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഈ വർഷം ആദ്യ ആറു മാസത്തിനിടെ സൂയസ് കനാൽ വഴിയുളള ചരക്കു കടത്ത് വകയിൽ ഈജിപ്തിന് ലഭിച്ചത് 300 കോടി ഡോളർ (22,358 കോടി രൂപ) ആണ്. 2020 നെ അപേക്ഷിച്ച് 8.8 ശതമാനം കൂടുതലാണിത്.
അതേസമയം രക്ഷാ പ്രവർത്തനങ്ങളുടെ ചെലവ് ഇനത്തിൽ 91.6 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ആവശ്യം. തുക പിന്നീട് 55 കോടി ഡോളറായി ചുരുക്കി. ആറു ദിവസം കനാൽ വഴി ചരക്കുകടത്ത് തടസ്സപ്പെട്ട വകയിലും കപ്പൽ രക്ഷപ്പെടുത്താൻ വന്ന ചെലവുമടക്കം 120 കോടി ഡോളർ (8,856 കോടി രൂപ) നഷ്ട പരിഹാരം നൽകണമെന്നാണ് ആവശ്യപെട്ടത്. കപ്പൽ സർവീസ് നടത്തിയ ജപ്പാൻ ഉടമകൾ നൽകണമെന്ന് ഈജിപ്ത് കോടതി വിധിച്ചിരുന്നു.