ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്കർ സിംഗ് ധാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സത്യപ്രതിജ്ഞ. ധാമി സംസ്ഥാനത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയാണ്. ഖാതിമയിൽ നിന്നുള്ള ബിജെപി ജനപ്രതിനിധിയാണ് അദ്ദേഹം.
നിയമസഭാംഗമാകാത്തതിനെത്തുടർന്നു മുഖ്യമന്ത്രി തിരഥ് സിംഗ് റാവത്തിനെ ബിജെപി കേന്ദ്രനേതൃത്വം ഇന്നലെ നീക്കിയിരുന്നു. ഇതിന് പിന്നാലെ ഡെറാഡൂണിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് ധാമിയെ തെരഞ്ഞെടുത്തത്. 57 ബിജെപി എംഎൽഎമാർ പങ്കെടുത്തു.
നാലുമാസം മുൻപാണ് റാവത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ആറുമാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പുനടത്തി നിയമസഭാംഗമല്ലാത്ത റാവത്തിനെ നിയമസഭയിലെത്തിക്കാമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ കൊറോണ സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടത് റാവത്തിനു തിരിച്ചടിയാവുകയായിരുന്നു.
അധികാരമേറ്റെടുത്ത പുഷ്കർ സിംഗ് ധാമിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത ധാമിക്കും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. ഉത്തരാഖണ്ഡിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി പ്രവർത്തിക്കുവാൻ ഈ ടീമിന് ആശംസകൾ നേരുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.