ആന്റിഗ്വ: വനിതാ ട്വന്റി-ട്വന്റി ക്രിക്കറ്റ് മത്സരത്തിനിടെ വിൻഡീസിൻ്റെ രണ്ട് താരങ്ങൾ കുഴഞ്ഞുവീണു. വെസ്റ്റ്ഇൻഡീസും പാകിസ്താനും തമ്മിലുള്ള വനിതാ ടിട്വന്റി മത്സരത്തിനിടയിലാണ് രണ്ട് വിൻഡീസ് താരങ്ങൾ കുഴഞ്ഞുവീണത്.വിൻഡീസ് താരങ്ങളായ ചിനെല്ലേ ഹെൻറി, ചെഡിയൻ നേഷൻ എന്നിവരാണ് കുഴഞ്ഞുവീണത്.
ആന്റിഗ്വയിൽ നടന്ന രണ്ടാം ട്വന്റി-20 മത്സരത്തിനിടയിലാണ് സംഭവം. മത്സരം ആരംഭിച്ച് പത്ത് മിനിറ്റിനുള്ളിലായിരുന്നു ഇത്. ഉടനെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇരുവരുടെയും ആരോഗ്യനില മെച്ചപ്പെട്ടിരിക്കുന്നുവെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് അധികൃതർ അറിയിച്ചു. കുഴഞ്ഞു വീണതിന്റെ കാരണം വ്യക്തമായിട്ടില്ല. പകരക്കാരെ ഇറക്കി മത്സരം പിന്നീട് പുനരാരംഭിച്ചു.
മത്സരത്തിൽ വിൻഡീസ് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടി. മത്സരത്തിനിടയിൽ മഴ വില്ലനായപ്പോൾ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം വെസ്റ്റ് ഇൻഡീസ് ഏഴ് റൺസിന് ജയിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ വിൻഡീസ് രണ്ട് ജയവുമായി പരമ്പര സ്വന്തമാക്കി. നാളെയാണ് മൂന്നാം ട്വന്റി-20 മത്സരം.