ഡെൽറ്റ വകഭേദത്തിനെതിരെ കൊവാക്‌സിൻ 65.2 ഫലപ്രദമെന്ന് ഭാരത് ബയോടെക്

ന്യൂഡൽഹി : ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച കൊവാക്‌സിൻ കൊറോണ വൈറസിനെതിരെ ഫലപ്രദമെന്ന് ഭാരത് ബയോട്ടെക്. കൊറോണ വൈറസിനെതിരെ വാക്‌സിൻ 77.8 ശതമാനം ഫലപ്രദമാണ്. ഡെൽട്ട വകഭേദത്തിനെതിരെ ഇത് 65.2 ശതമാനവും ഫലപ്രദമാണെന്ന് കമ്പനി വ്യക്തമാക്കി. മൂന്നാം ഘട്ട പരിശോധനയുടെ ഫലം പുറത്തുവിട്ടുകൊണ്ടാണ് ഭാരത് ബയോട്ടെക് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് ഏറ്റവുമധികം ആളുകളിൽ പരിശോധന നടത്തിയ വാക്‌സിൻ തികച്ചും ഗുണകരമാണെന്നാണ് കമ്പനിയുടെ അവകാശവാദം. 2020 നവംബർ 16 നും 2021 ജനുവരി 7 നുമിടയിൽ 25,798 പേരിലാണ് വാക്‌സിൻ പരീക്ഷണം നടത്തിയത്. ഇതിൽ 24,419 പേർക്ക് രണ്ട് ഡോസ് വാക്‌സിനും മറ്റുളളവർക്ക് പ്ലാസിബോയുമാണ് നൽകിയത്.

പരീക്ഷണം നടത്തിയ ആർക്കും ഒരു തരത്തിലുള്ള ഗുരുതര പ്രശ്‌നങ്ങളും ഉണ്ടായില്ലെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച കൊവാക്‌സിൻ തികച്ചും സുരക്ഷിതമാണെന്ന് ഭാരത് ബയോട്ടെക് മേധാവി കൃഷ്ണ എല്ല ഉറപ്പ് നൽകി. രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച ആദ്യത്തെ തദ്ദേശ നിർമ്മിത വാക്‌സിൻ കൂടിയാണ് കൊവാക്‌സിൻ.