ന്യൂഡെല്‍ഹി: കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്, കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എന്നിവരുടെ അക്കൗണ്ടുകള്‍ പൂട്ടിയതിന്റെ കാരണം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററിന് നോട്ടീസ്. ഐടി പാര്‍ലമെന്ററി പാനലാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഇതിനായി 48 മണിക്കൂറാണ് ട്വിറ്ററിന് അനുവദിച്ചിരിക്കുന്നത്.
ജൂണ്‍ 26ന് ആണ് യുഎസ് പകര്‍പ്പവകാശ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെയും ശശി തരൂരിന്റെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ താല്‍ക്കാലികമായി പൂട്ടിയത്.
എന്നാല്‍ 48 മണിക്കൂറിനുള്ളില്‍ ഇത് സംബന്ധിച്ച് രേഖാമൂലം ട്വിറ്ററിന്റെ വിശദീകരണം തേടണമെന്ന് ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി പാനല്‍ ലോക്സഭ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെടുകയായിരുന്നു.
മുന്‍കൂര്‍ നോട്ടീസോ മുന്നറിയിപ്പോ നല്‍കാതെ ട്വിറ്ററിലെ അക്കൗണ്ട് ബ്ലോക് ചെയ്യുന്നത് ഏകപക്ഷീയ നടപടിയാണെന്നും ഇന്ത്യയുടെ ഐടി നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പിന്നീട് ട്വിറ്ററില്‍ കുറിച്ചിരുന്നു.
അതേസമയം, ഇതേ കാരണങ്ങളാല്‍ രണ്ട് തവണയാണ് തന്റെ അക്കൗണ്ട് പൂട്ടിയതെന്ന് ശശി തരൂറും ആരോപിച്ചു. ‘ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എന്ന നിലയില്‍, രവിശങ്കര്‍ പ്രസാദിന്റെയും എന്റേയും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതിന് ട്വിറ്റര്‍ ഇന്ത്യയില്‍ നിന്ന് വിശദീകരണം തേടും.’ ശശി തരൂര്‍ പറഞ്ഞു.