പ്രവാസികള്‍ക്ക് അടിയന്തിര ചികിത്സാ സൗകര്യം ഒരുക്കണം: കെസിബിസി.

കൊച്ചി: കൊറോണ അതിവേഗം പടരുന്ന സാഹചര്യത്തില്‍ പ്രവാസിമലയാളികള്‍ക്ക് ചികിത്സാസൗകര്യവും സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെസിബിസി.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ശക്തമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇരുവർക്കും കത്തയച്ചു.

പ്രവാസികളായ മലയാളികളെ സംരക്ഷിക്കാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ടെന്ന സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് പ്രത്യാശാഭരിതമാണ്. രോഗം പടരാതിരിക്കാന്‍ ജാഗ്രതയുള്ള നിലപാട് പൊതു സമൂഹത്തിനും ആവശ്യമാണ്. പ്രവാസികളെ വിശിഷ്യാ, ഗള്‍ഫ് നാടുകളിലുള്ളവരെ, കേരളത്തില്‍ കൊണ്ടുവന്നു ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് കത്തോലിക്കാ സഭയിലെ സോഷ്യല്‍ സര്‍വ്വീസ് ഏജന്‍സികളും ബന്ധപ്പെട്ട സ്ഥാപനങ്ങളും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉറപ്പുനല്‍കി