ലണ്ടൻ: കരുത്തരുടെ പോരാട്ടത്തിൽ ഇംഗ്ലീഷ് വിജയഗാഥ. വെംബ്ലിയിലെ വീട്ടുമുറ്റത്ത് ആവേശകരമായ കാൽപ്പന്ത് പോരാട്ടത്തിൽ ജർമൻ സംഘത്തെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തറപറ്റിച്ച് ഇംഗ്ലണ്ട് യൂറോ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തിരിക്കുന്നു.
ജർമനിക്കെതിരെ 55 വർഷത്തിനിടെ ആദ്യമായാണ് ഇംഗ്ലണ്ട് നോക്കൗട്ട് മത്സരത്തിൽ ജയം സ്വന്തമാക്കുന്നത്. ജർമൻ പടയ്ക്കെതിരായ വിജയത്തിനു അഞ്ചര ദശാബ്ദത്തോളം കാത്തിരുന്ന ഇംഗ്ലണ്ട് രാത്രി ഉറങ്ങാതെ ആഘോഷിച്ചു.
റഹിം സ്റ്റെർലിംഗ്, ക്യാപ്റ്റൻ ഹാരി കെയിൻ എന്നിവരാണ് ഇംഗ്ലണ്ടിനായി വലചലിപ്പിച്ചത്. ഗോൾ രഹിതമായ ഒന്നാം പകുതിക്കു ശേഷമായിരുന്നു ജർമനിയുടെ വിരിമാറ് തകർത്ത് വെള്ളക്കാർ വെടിപൊട്ടിച്ചത്. തുടക്കത്തിൽ കത്തിക്കയറിയ ജർമൻ സംഘത്തിനു മേൽ മെല്ലെ മെല്ലെ പിടിമുറുക്കിയ ത്രീലയൺസ് രണ്ടാം പകുതിയിൽ സമ്പൂർണ ആധിപത്യം നേടിയെടുക്കുകയായിരുന്നു.
സ്റ്റെർലിംഗിൽ തുടങ്ങി സ്റ്റെർലിംഗിൽ അവസാനിച്ച സുന്ദരമായൊരു നീക്കമായിരുന്നു ആദ്യ ഗോളിനു വഴിയൊരുക്കിയത്. 75-ാം മിനിറ്റിൽ മൈതാനത്തിന്റെ വലതുഭാഗത്തുനിന്നും പന്തെടുത്ത് മുന്നേറിയ സ്റ്റെർലിംഗ് മധ്യത്തിൽ ഹാരി കെയിനു നൽകി. കെയിൻ പന്ത് ഇടതുപാർശ്വത്തിലേക്ക് മറിച്ച ശേഷം ബോക്സിലേക്ക് ഓടിക്കയറി.
ബോക്സിന്റെ ഇടതുനിന്ന് ലൂക് ഷോയുടെ സുന്ദരമായൊരു ക്രോസ്. ഹാരി കെയിനു മുന്നിലായി ഓടിയെത്തിയ സ്റ്റെർലിംഗ് കൃത്യമായി കാൽവച്ചു. വെംബ്ലി പൊട്ടിത്തെറിച്ചു. അതേ, വെംബ്ലിയിലെ നാൽപ്പതിനായിരത്തോളംവരുന്ന കണ്ഠങ്ങൾ ഒരു നിമിഷാർഥത്തിന്റെ നിശബ്ദതയെ ഭേദിച്ച് പൊട്ടിത്തെറിച്ചു. ഇംഗ്ലണ്ട് മുന്നിൽ.
മറുവശത്ത് സ്റ്റെർലിംഗിന്റെ ഒരു മിസ് പാസിൽ ജർമനിക്ക് ഒപ്പമെത്താനുള്ള അവസരം. മൈതാന മധ്യത്തിൽനിന്നും പന്തുമായി കുതിച്ച തോമസ് മുള്ളർ ഗോളി മാത്രം മുന്നിൽനിൽക്കെ പന്ത് പുറത്തേക്ക് അടിച്ചുകളഞ്ഞു. ഗോൾ പോസ്റ്റിൽനിന്ന് ഇഞ്ചുകളുടെ വ്യത്യാസത്തിൽ വഴിമാറി പാഞ്ഞ തുകൽപ്പന്ത് ജർമനിയുടെ വിധി എഴുതുകയായിരുന്നു.
നിരാശനായ മുള്ളർ തല പച്ചപ്പുൽമൈതാനത്ത് മുട്ടിച്ചു. ലോകകപ്പിൽ 10 ഗോളുൾ നേടിയിട്ടുള്ള തനിക്ക് യൂറോയിൽ ഒറ്റത്തവണ പോലും വലചലിപ്പിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന നിരശയേക്കാൾ അദ്ദേഹത്തെ അലട്ടിയത് മത്സരം നഷ്ടപ്പെടുത്തിയതിന്റെ വേദനയായിരുന്നിരിക്കണം.
സമനിലകുരുക്കിൽനിന്ന് കഷ്ടിച്ച് രക്ഷപെട്ട ഇംഗ്ലണ്ട് കളിതീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ലീഡ് ഉയർത്തുന്ന കാഴ്ചയാണ് കണ്ടത്. പകരക്കാരനായി കളത്തിലെത്തിയ സൂപ്പർ താരം ഗ്രീലിഷിന്റെ മനോഹരമായൊരു ക്രോസ്. ആദ്യ ഗോൾ പിറന്ന അതേ ഇടത് വിംഗിൽനിന്ന് ഗ്രീലിഷ് ജർമൻ പ്രതിരോധത്തെ പരാജയപ്പെടുത്തി നെഞ്ചൊപ്പം പൊക്കത്തിലൊരു ക്രോസ്.
ബോക്സിൽ കൃത്യമായി ഓടിയെത്തിയ ഹാരി കെയിൻ വലയിലേക്ക് പന്തിനെ തലകൊണ്ട് കുത്തിവിട്ടു. ജർമൻ പതനം പൂർണം. ഗ്രൂപ്പ് ഘട്ടത്തിൽ ഗോൾ വരൾച്ച നേരിട്ട ക്യാപ്റ്റൻ പ്രായശ്ചിത്തം ചെയ്തിരിക്കുന്നു.