മുംബൈയിൽ വാക്‌സിനേഷൻ തട്ടിപ്പ്; 2040 പേർക്ക് കുത്തിവെച്ചത് ഉപ്പുവെള്ളം; ആന്റിബോഡി പരിശോധന നടത്തും

മുംബൈ: വ്യാജ വാക്‌സിനേഷൻ ക്യാമ്പ് നടത്തിയ സംഭവത്തിൽ മുംബൈയിൽ 2040 പേർക്ക് ആന്റിബോഡി പരിശോധന നടത്തുമെന്നും ഇവർക്ക് വാക്‌സിൻ നൽകാൻ നടപടിയെടുക്കുമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് ടോപെ. മുംബൈ പൊലീസും കോർപറേഷനും സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ 10 പേരാണ് തട്ടിപ്പിൽ അറസ്റ്റിലായത്. ഇവരിൽ നിന്ന് 12.4 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. വ്യാജ ക്യാമ്പിൽ പങ്കെടുത്തവർക്ക് വാക്‌സിന് പകരം ഉപ്പുവെള്ളം കുത്തിവെച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാക്‌സിൻ കുപ്പികൾ എത്തിച്ച്‌ ഉപ്പുവെള്ളം നിറച്ചാണ് സംഘം ഉപയോഗിച്ചതെന്ന് മന്ത്രി പറഞ്ഞു. വ്യാജ വാക്‌സിൻ കുത്തിവെച്ചവർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്ന് നിരീക്ഷിക്കുന്നുണ്ട്. തട്ടിപ്പ് സംഘം ഇവർക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇത് റദ്ദാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനാണ് മുംബൈ കോർപറേഷന്റെ തീരുമാനം.