കൊച്ചി: ലക്ഷദ്വീപില്‍ വീണ്ടും കെട്ടിടങ്ങൾ പൊളിക്കാനുള്ള വിവാദ ഉത്തരവുമായി ഭരണകൂടം. കടല്‍ തീരത്ത് നിന്ന് 20 മീറ്ററിനുള്ളിൽ വരുന്ന വീടുകളും കക്കൂസുകളും മറ്റ് കെട്ടിടങ്ങളും പൊളിക്കണമെന്നാണ് നിർദേശം. കവരത്തി, സുഹലി ദ്വീപ് നിവാസികള്‍ക്കാണ് ഡെപ്യൂട്ടി കളക്ടര്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്.
ഈ മാസം 30നുള്ളില്‍ നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കണം. ഈ രണ്ട് ദ്വീപുകളിലേയും നിരവധി പേര്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. 1965ലെ ലാന്‍ഡ് റവന്യൂ ടെനന്‍സി റെഗുലേഷനിലെ 20(1) വകുപ്പിന്റെ ലംഘനമാണെന്ന് ഇത്തരത്തിലുള്ള നിർമാണമെന്നും ഈ നിയമത്തിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായി ഇതര ആവശ്യങ്ങള്‍ക്കായി ഭൂമി ഉപയോഗിച്ചിരിക്കുന്നുവെന്നുമാണ് നോട്ടിസിലെ വാദം.
ഈ നിയമപ്രകാരം ഇത്തരം ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ ഭൂമി തരംമാറ്റുന്നതിനോ അല്ലെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണം.
ആൾപ്പാർപ്പില്ലാത്ത ഷെഡ്ഡുകൾ പൊളിക്കാൻ നേരത്തെ നിർദേശം നൽകിയിരുന്നു. ഈ ഷെഡ്ഡുകൾ മത്സ്യതൊഴിലാളികൾ സ്വമേധയ പൊളിച്ചില്ലെങ്കിൽ റവന്യ വകുപ്പ് അത് ചെയ്യും. പൊളിക്കാനുള്ള ചെലവ് തൊഴിലാളികളിൽ നിന്നും ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
നേരത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ രണ്ട് വിവാദ ഉത്തരവുകൾ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവും സ്കൂൾ ഉച്ചഭക്ഷണത്തിൽനിന്നും ബീഫും ചിക്കനും ഒഴിവാക്കണമെന്ന ഉത്തരവുമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.